ആലപ്പുഴ: ഹരിപ്പാട് ചെന്നിത്തലയുടെ തേരോട്ടം. 23,3,77 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം നുകർന്നത്. ആകെ, 68,184 വോട്ടുകളാണ് ഇക്കുറി ചെന്നിത്തല പെട്ടിയിൽ വീഴ്ത്തിയത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥി ടി.ടി ജിസ്മോന് 44,807 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതി നേടിയത് 31,022 വോട്ടുകളാണ്.
സംസ്ഥാനത്തെ മൊത്തത്തിലുള്ള തരംഗം പോലെ തന്നെ ഹരിപ്പാടും ദയനീയ പ്രകടനമാണ് എൽഡിഎഫ് കാഴ്ചവച്ചത്. 2021 -ലെ അപേക്ഷിച്ച് ഇത്തവണ എൽഡിഎഫ് പിന്നോട്ടുപോയി. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് ബിജെപി ഇത്തവണ ഹരിപ്പാട് മുന്നേറുകയാണുണ്ടായത്.
2021-ൽ 72,768 വോട്ടുകളാണ് രമേശ് ചെന്നിത്തല നേടിയത്. അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥിയായ ആർ. സജിലാലിന് 59,102 വോട്ടുകളായിരുന്നു. ബിജെപി സ്ഥാനാർത്ഥി കെ. സോമന് 17,890 വോട്ടുകളാണ് നേടാനായത്.
കേരളത്തിൻ്റെ തീരദേശത്തിനും ഇടനാടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹരിപ്പാട് നിയമസഭ മണ്ഡലം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അത്ര എളുപ്പത്തിൽ വഴങ്ങുന്ന മണ്ഡലമല്ല. രമേശ് ചെന്നിത്തലയുടെ ഉരുക്കു കോട്ടയാണ് ഹരിപ്പാടെന്ന് വീണ്ടും തെളിയുന്നു. ഹരിപ്പാടിൻ്റെ പരിചിത മുഖവും സിറ്റിങ് എംഎൽഎയുമായ രമേശ് ചെന്നിത്തല യുഡിഎഫിൻ്റെ മുഖമായി നിന്നതിനാൽ തന്നെ ഇത്തവണ ഹരിപ്പാട് മണ്ഡലം തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായിരുന്നു. എൽഡിഎഫിനായി ടിടി ജിസ്മോനും എൻഡിഎയായി സന്ദീപ് വചസ്‌പതിയും കൂടി ചേർന്നതോടെ തീപാറുന്ന പോരാട്ടത്തിനാണ് ഹരിപ്പാട് സാക്ഷ്യം വഹിച്ചത്.






