തിരുവനന്തപുരം: യുഡിഎഫ് ബഹുഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് കൺവീർ അടൂർ പ്രകാശ്. ആരോഗ്യത്തോടെയുള്ള ഈ മടങ്ങി വരവിൽ അതിയായ സന്തോഷമുണ്ട്. ഞാൻ പ്രവർത്തിച്ച മേഖലകളിൽ യുഡിഎഫിന് ശക്തിയുണ്ടാക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനവും ആത്മവിശ്വാസവുമുണ്ട്; അദ്ദേഹം കൂട്ടിച്ചേർത്തു.ദീർഘ നാളത്തെ ആശുപത്രി വാസത്തിനുശേഷമാണ് അദ്ദേഹം വീണ്ടും പൊതുപ്രവർത്തനരംഗത്ത് സജീവമാകാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരക്കിട്ട പ്രവർത്തനങ്ങൾ നടത്തി വരവെയായിരുന്നു അടൂർ പ്രകാശിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.
യുഡിഎഫിന്റെ മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചുള്ള വാർത്തകളും പ്രതികരണങ്ങളുമൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. ഈ വ്യക്തി മുഖ്യമന്ത്രിയാകണം എന്നു പറയുന്നതിൽ കാര്യമില്ല. അക്കാര്യം തീരുമാനിക്കേണ്ടത് എഐസിസിയാണ്. ആ തീരുമാനം ഞാൻ മാത്രമല്ല, യുഡിഎഫ് ഒന്നടങ്കം അംഗീകരിക്കും. നിലവിൽ പല നേതാക്കളും പ്രവർത്തകരും മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചിട്ടുണ്ടാകും. അതിനെയൊന്നും മുന്നണിയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകളായി വിലയിരുത്തേണ്ടതില്ല. എന്തായാലും വിജയിച്ചുകഴിഞ്ഞാൽ എഐസിസി എടുക്കുന്ന തീരുമാനത്തെ എല്ലാവരും ഐക്യകണ്ഠേന പിന്തുണയ്ക്കും; അടൂർ പ്രകാശ്‍ പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഒരുപാട് പേർ എന്റെ ആരോഗ്യവിവരം വിളിച്ചന്വേഷിച്ചിരുന്നു. എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനകളാലാണ് ഞാൻ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ മടങ്ങിയെത്തിയെത്തിയത്; അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

















































