നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിഐപി റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഇയാൾ, ഡ്രൈവറായ സുഹൈലിനെ മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ പിന്നിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ വിഐപി റോഡിലെ മൂഴിയാലിൽവച്ചായിരുന്നു അപകടം. കൊച്ചിയിലെ ഒരു ആന്റിക് ഷോപ്പിലെ ജീവനക്കാരായിരുന്ന ഇവർ വിമാനത്താവള പരിസരം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടമുണ്ടാക്കിയ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വാഹനം പരിശോധിച്ചപ്പോൾ ലഹരിവസ്തുക്കൾ കണ്ടെത്തിയതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഈ ആരോപണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.










































