റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ മൂന്നാം തവണയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതായാണ് വിവരം. നജ്റാൻ വിമാനത്താവളവും ആക്രമണത്തിനിരയായി. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറിക്കും മെഡിക്കൽ കോംപ്ലക്സിനും കേടുപാടുകളുണ്ടായി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനക്കമ്പനികളിൽനിന്ന് കൃത്യമായ അറിയിപ്പ് ലഭിച്ചശേഷം മാത്രമേ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂ എന്ന് അധികൃതർ നിർദേശിച്ചു.
മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഒക്ടോബർ 10 വരെ താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും സർവീസുകൾ പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കുക.
റിയാദിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ എംബസി പ്രവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. അനാവശ്യമായി വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
അതേസമയം, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉടൻ അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്നാണ് ഹൂതി വക്താവിന്റെ ഭീഷണി. തൊഴിലാളികൾ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നും വക്താവ് മുന്നറിയിപ്പ് നൽകി.