നെടുമ്പാശേരി: ഒരു നിമിഷത്തെ അഹങ്കാരത്തിൽ തന്റെ കാറിനു മുന്നിൽ പിടഞ്ഞു തീർന്ന മൂന്നു ജീവനുകൾ കണ്ടിട്ടും യാതൊരു കൂസലില്ലാതെ നാട്ടുകാരോടു തട്ടിക്കയറുകയായിരുന്നു പ്രതിയായ സുഹൈൽ. വാഹനത്തിന്റെ അമിതവേഗം ചോദ്യംചെയ്ത നാട്ടുകാരോട് ‘എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണു കുഴപ്പം’ എന്നാണു പ്രതി ആക്രോശിച്ചത്. ആളുകൾ മരിച്ചതിന്റെ കേസൊക്കെ വാപ്പ നോക്കിക്കോളുമെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും മദ്യലഹരിയിൽ പ്രതി വിളിച്ചുകൂവി.
പിന്നീടു സംഭവസ്ഥലത്തുനിന്നു കടന്നുകളയാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണു പോലീസിനു കൈമാറിയത്. അതേസമയം സുഹൈലിന്റെ ജന്മദിനത്തിന് 19 കാരനു അമ്മ വാങ്ങിക്കൊടുത്തതാണ് ആഡംബര കാർ. പിതാവിന്റെ പേരിലാണു റജിസ്ട്രേഷൻ. മണിക്കൂറിൽ 218 കിലോമീറ്റർ വേഗതയിൽ ഈ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൈൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറച്ചുനാൾ മുൻപു പങ്കുവച്ചിട്ടുണ്ട്.
അതേസമയം അപകടമുണ്ടാകുമ്പോൾ 120 കിലോമീറ്റർ വേഗത്തിലാണു കാറോടിച്ചിരുന്നതെന്നു സുഹൈൽ പോലീസിനു മൊഴി നൽകിയതായി വിവരമുണ്ട്. കൂടാതെ അപകടത്തിൽപ്പെട്ട സമയത്തെ കാർ വേഗത കൃത്യമായി കണ്ടെത്താനാകുമെന്ന സാങ്കേതികോപദേശം പോലീസിനു ലഭിച്ചിട്ടുമുണ്ട്. ഓരോ ട്രിപ്പിന്റെയും വേഗം കാറിൽ റിക്കോർഡ് ചെയ്യപ്പെടുന്നതിനാൽ കാർ കമ്പനിയുടെ സഹായത്തോടെ വീണ്ടെടുത്തു പരിശോധിക്കാനാകും. ഇതും സുഹൈലിനെതിരായ തെളിവായി മാറും.








































