ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഭർത്താവിന്‍റെ ആദ്യ ഭാര്യയുമായി അയാൾ വീണ്ടും ബന്ധം പുലർത്തുന്നതിലും സാമ്പത്തിക സഹായം നൽകുന്നതിലും പ്രകോപിതയായാണ് യുവതി തന്‍റെ ആൺ സുഹൃത്തിന്‍റെയും സ്വന്തം മകന്റെയും സഹായത്തോടെ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. രാംകിഷോർ വാൽമീകി എന്ന ഇയാളുടെ മൃതദേഹം സെപ്റ്റംബർ 17-ന് ഭാവഖേഡ കനാലിന് സമീപമുള്ള ഒരു പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. ലഖ്നൗ സ്വദേശിയായ സുഫിയ ബാനു എന്ന യുവതിയും രാംകിഷോർ വാൽമീകിയും ഏകദേശം നാല് വർഷത്തോളമായി പ്രണയത്തിലായിരുന്നു.
തുടർന്ന് ഇവർ രണ്ട് വർഷം മുമ്പ് വിവാഹിതരുമായി. എന്നാൽ വിവാഹത്തിന് ശേഷം സുഫിയക്ക് മുണ്ണ എന്ന മുച്ഛദ് (52) എന്നയാളുമായി മറ്റൊരു ബന്ധമുണ്ടെന്ന വിവരം രാംകിഷോർ അറിയാനിടയായി. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. ഇതിനിടെ ദേഷ്യം മൂത്ത രാംകിഷോർ തന്റെ ആദ്യ ഭാര്യയായ കവിതാ ദേവിയെ വീണ്ടും സന്ദർശിക്കുകയും അവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്തു. ഈ നടപടിയെ സുഫിയ ശക്തമായി എതിർത്തിരുന്നു. മുൻ ഭാര്യയുമായുള്ള ഈ അടുപ്പമാണ് ഒടുവിൽ ഒരു കൊലപാതകത്തിൽ കലാശിച്ചത്. സെപ്റ്റംബർ 14-നും 15-നും ഇടയിലുള്ള രാത്രിയിലാണ് പ്രതികൾ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
സംഭവദിവസം സുഫിയ തന്റെ കാമുകനായ മുണ്ണയെയും അയാളുടെ സഹായി ഇഖ്ബാലിനെയും വീട്ടിലേക്ക് ക്ഷണിക്കുകയും വീടിന്റെ വാതിൽ തുറന്നിടുകയും ചെയ്തു. രാംകിഷോർഗാഢ ഉറങ്ങുകയായിരുന്ന സമയത്ത് അകത്തു കയറിയ ഇവർ രാംകിഷോറിനെ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി പ്രതികൾ ശ്രമച്ചു. രക്തക്കറ പുരടാത്ത വിധം തറ കോൺക്രീറ്റ് ചെയ്ത് പൂശുകയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം സുഫിയ തന്‍റെ 16 വയസ്സുകാരനായ മകനെ വിവരമറിയിക്കുകയും നാലുപേരും ചേർന്ന് രാംകിഷോറിന്റെ മൃതദേഹം കിടക്കക്ക് താഴെ സൂക്ഷിച്ചിരുന്ന ഒരു വലിയ പെട്ടിയിൽ ഒളിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസത്തെ രാത്രിയിൽ മൃതദേഹം ഒരു ഇ-റിക്ഷയിൽ കയറ്റി കനാൽ പാലത്തിന് താഴെ കൊണ്ടുപോയി തള്ളുകയായിരുന്നു.
സെപ്റ്റംബർ 17-ന് രാംകിഷോറിന്റെ ആദ്യ ഭാര്യ കവിതാ ദേവി മോഹൻലാൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുഫിയക്കും മറ്റു ചിലർക്കുമെതിരെയായിരുന്നു പരാതി. തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും അതേ ദിവസമാണ് രാംകിഷോറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇ-റിക്ഷ സഞ്ചരിച്ച വഴികളും കൃത്യമായി നിരീക്ഷിച്ച് വിശകലനം ചെയ്താണ് പോലീസ് പ്രതികളെ പിടികൂടിയത്.






