തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കേരളാ കോൺഗ്രസിന്റെ നേതൃയോഗത്തിൽ കയ്യാങ്കളി. പരസ്പരം ചേരിതിരിഞ്ഞ് പോർവിളികളും സംഘർഷവും ഉണ്ടാവുകയായിരുന്നു. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർ ചേരിയിലുള്ളവരുമാണ് പരസ്പരം പോരടിച്ചത്. സംഘർഷത്തിനിടെ യോഗത്തിനെത്തിച്ച ചൂടുചായ പോലീസുകാരന്റെ ദേഹത്ത് ഒഴിക്കുകയും ചെയ്തു. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ തിളച്ച ചായയൊഴിച്ചത്.
പാർട്ടിനേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ എംഎൽഎക്ക് തൃശ്ശൂരിൽ സ്വീകരണം നടക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുടയിൽ ജില്ലാ നേതൃയോഗം വിളിച്ചു ചേർത്തത്. ഇവിടേക്ക് ഉണ്ണിയാടൻ അനുകൂലികൾ എത്തുകയായിരുന്നു. വാടാ തല്ലിത്തീർക്കാമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു യൂത്ത് ഫ്രണ്ട് പ്രവർത്തകർ പാഞ്ഞടുത്തത്. കയ്യാങ്കളിയിൽ യൂത്ത് ഫ്രണ്ട് നേതാവ് രഞ്ജോ ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കുപറ്റി.
തങ്ങളാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഔദ്യോഗികപക്ഷം എന്ന് അവകാശപ്പെട്ടായിരുന്നു ഇവർ യോഗം നടന്ന സ്ഥലത്ത് എത്തിയത്. ഉണ്ണിയാടൻ ഇല്ലാതെ യോഗം നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവർ യോഗം നടന്ന സ്ഥലത്തേക്ക് എത്തിയത്. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. സംഘർഷത്തിൽ പോലീസുകാരനും പരുക്കേറ്റിട്ടുണ്ട്.
അതേസമയം മദ്യപിച്ചെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് നേതൃ യോഗത്തിനെത്തിയവർ പറയുന്നു. വനിതാ പ്രവർത്തകർക്കടക്കം പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫാൻ എടുത്തെറിഞ്ഞതിനെത്തുടർന്നാണ് വനിതാ പ്രവർത്തകയ്ക്ക് പരുക്കേറ്റതെന്നാണ് ആരോപണം. അതേസമയം മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടിനേതൃത്വം തന്നെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഉണ്ണിയാടൻ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്.




