ന്യൂയോർക്ക്: 25 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്ക്കൊടുവിൽ തല ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. ഇത്യോപ്യയിൽ നിന്നുള്ള രണ്ടുവയസ്സുകാരികളായ ഹിയാബിനെയും വുഹ്ബ്തൊയെയുമാണ് അമേരിക്കയിലെ എസ്എസ്എം ഹെൽത്ത് കാർഡിനൽ ഗ്ലെന്നൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്.
ക്രാനിയോപാഗസ് എന്ന അപൂർവ അവസ്ഥയിലാണ് കുട്ടികൾ ജനിച്ചത്. തലകൾ പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്ന ഇരട്ടകൾക്ക് മാസങ്ങൾ നീണ്ട ചികിത്സയുടെയും ശസ്ത്രക്രിയകളുടെയും പരമ്പരയ്ക്കുശേഷമാണ് അന്തിമ ശസ്ത്രക്രിയ നടത്തിയത്. 2026 ഫെബ്രുവരിയിൽ നടന്ന അവസാന ശസ്ത്രക്രിയയ്ക്ക് മുമ്പ് ആറ് സങ്കീർണ ശസ്ത്രക്രിയകൾ കൂടി നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായ വിവരം സെപ്റ്റംബർ 16-നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടത്.
ആറ് ന്യൂറോളജിക്കൽ, പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ് ശസ്ത്രക്രിയകളാണ് കുട്ടികൾക്ക് നടത്തിയതെന്ന് ചീഫ് പീഡിയാട്രീഷ്യൻ ഡോ. ആൻഡ്രൂ വൈറ്റ് പറഞ്ഞു. ഏകദേശം 24 മുതൽ 25 മണിക്കൂർ വരെ നീണ്ട അവസാന ശസ്ത്രക്രിയയിലാണ് ഇരുവരെയും പൂർണമായി വേർപെടുത്തിയത്. കുട്ടികളുടെ ആരോഗ്യനിലയിൽ കൂടുതൽ ഉറപ്പുണ്ടായ ശേഷമാണ് വിവരം പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കിടെ ഏറ്റവും വലിയ വെല്ലുവിളിയായത് ഇരുവരുടെയും തലയോട്ടിക്കു ചുറ്റും വ്യാപിച്ചുകിടന്ന പരസ്പരം ബന്ധിപ്പിച്ച സിരകളുടെ ശൃംഖലയായിരുന്നുവെന്ന് ന്യൂറോ സർജൻ ഡോ. ജൊവാന്ന കെമ്പ് പറഞ്ഞു. ചില സിരകൾ ഒരു കുട്ടിക്ക് മാത്രമായി മാറ്റിവെക്കുകയും മറ്റു ചിലത് രണ്ടാമത്തെ കുട്ടിക്കായി നിലനിർത്തുകയും ചെയ്താണ് വേർപെടുത്തൽ നടത്തിയത്.
വേർപെടുത്തിയശേഷം കുട്ടികളുടെ തലയോട്ടി പുനർനിർമിക്കുന്നതും സങ്കീർണമായ ഘട്ടമായിരുന്നുവെന്ന് പ്ലാസ്റ്റിക് സർജൻ ഡോ. കെവിൻ ചെൻ പറഞ്ഞു. ഇരുവരുടെയും തലയോട്ടികൾ പുനർനിർമിച്ച ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
കുട്ടികൾക്കായുള്ള ചാരിറ്റി സംഘടനകളുടെ സഹായത്തോടെയാണ് 2025-ൽ മാതാപിതാക്കൾ കുട്ടികളുമായി ഇത്യോപ്യയിലെ മെക്കെല്ലെയിൽനിന്ന് അമേരിക്കയിലെ സെന്റ് ലൂയിസിലെത്തിയത്. ശസ്ത്രക്രിയകൾക്ക് ശേഷം റാങ്കൻ ജോർദാൻ പീഡിയാട്രിക് ബ്രിഡ്ജ് ഹോസ്പിറ്റലിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു കുട്ടികൾ. പിന്നീട് ഇവരുടെ ചിത്രങ്ങളും വിഡിയോകളും ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു.






