ന്യൂഡൽഹി: ഒരു പക്ഷെ ഇന്ന് അഫ്ഗാൻ നായകൻ ഇബ്രാഹികം ഏറെ പരിതപിച്ചിട്ടുണ്ടാകാം ടോസ് നേടി ബോളിങ് തെരഞ്ഞെടുത്തതിൽ. കാരണം അവർക്ക് ഗ്രൗണ്ടിൽ ഒന്നും ചെയ്യാനില്ലായിരുന്നു, എല്ലാം അഭിഷേക് ശർമ സ്വയം ഏറ്റെടുത്തു. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ സിക്സറുകളുടെ മാലപ്പടക്കം പൊട്ടിച്ചപ്പോൾ അഫ്ഗാൻ ബോളർമാർ വെറുതെ നോക്കി നിന്നു, അല്ലാതെന്തു ചെയ്യാൻ…
പരമ്പര സ്വന്തമാക്കിയ ശേഷമിറങ്ങിയ മൂന്നാം ട്വന്റി20 മത്സരത്തിൽ ഓപ്പണർമാരായ അഭിഷേക് ശർമയുടെ റെക്കോർഡ് സെഞ്ചുറിയുടെയും സഞ്ജു സാംസന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 20 ഓവറിൽ അടിച്ചുകൂട്ടിയത്7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. അഫ്ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം. വെറും 34 പന്തിൽ 11 സിക്സുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെ 108 റൺസെടുത്താണ് അഭിഷേക് കളംവിട്ടത്.
30 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി അഭിഷേക് ശർമയുടെ ആറാട്ടാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ ഓവറിലെ അവസാന പന്ത് ഫോറടിച്ചു തുടങ്ങിയ അഭിഷേക് പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ഇന്ത്യയുടെ ടോട്ടൽ 100ൽ എത്തി. അതിൽ 76 റൺസും അഭിഷേകിന്റെ വകയായിരുന്നു. ട്വന്റി20യിൽ പവർപ്ലേയ്ക്കുള്ളിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. വെറും 17 പന്തിലാണ് അഭിഷേക് അർധസെഞ്ചുറി തികച്ചത്. ഇത് ആറാം തവണയാണ് അഭിഷേക് 20 പന്തുകളിൽ താഴെ നേരിട്ട് അർധസെഞ്ചുറി നേടുന്നത്. അതേസമയം ഇതാദ്യമായാണ് പവർപ്ലേയ്ക്കുള്ളിൽ ഇന്ത്യയുടെ ടോട്ടൽ 100 കടക്കുന്നതും.
അതേസമയം ഇന്നു അഭിഷേകിന്റെ സമയമാണെന്നു മനസിലായതോടെ കൃത്യമായി സ്ട്രൈക്ക് കൈമാറുന്നതിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. പരമാവധി പന്തുകൾ അഭിഷേകിന് വിട്ടുകൊടുക്കാൻ സഞ്ജു ശ്രമിച്ചു. ഇടയ്ക്ക് സിക്സറുകളും ബൗണ്ടറികളുമായി ഉറച്ച പിന്തുണ നൽകുകയും ചെയ്തു. ഒൻപതാം ഓവറിൽ അഭിഷേക് സെഞ്ചുറി നേടി. പത്ത് സിക്സും ഒൻപതും ഫോറും സഹിതമാണ് വെറും 30 പന്തിൽ അഭിഷേക് സെഞ്ചുറി തികച്ചത്. പിന്നാലെ ഒരു സിക്സർ കൂടി പറത്തിയെങ്കിലും പത്താം ഓവറിൽ റാഷിദ് ഖാനാണ് അഭിഷേകിനെ പുറത്താക്കിയത്. അപ്പോഴേയ്ക്കും ഇന്ത്യൻ ടോട്ടൽ 142ൽ എത്തിയിരുന്നു.
അഭിഷേക് പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗത പരമാവധി നിലനിർത്താൻ സഞ്ജു ശ്രദ്ധിച്ചു. എന്നാൽ 12–ാം ഓവറിൽ തിലക് വർമ (5 പന്തിൽ 2) റണ്ണൗട്ടാകുകയും ചെയ്തു. പിന്നീടെത്തിയ ക്യാപ്റ്റൻ ശ്രേയ്യസ്സ് അയ്യറെ സാക്ഷിയാക്കി ബൗണ്ടറികൾ കണ്ടെത്തിയ സഞ്ജു തുടർച്ചയായ രണ്ടാം അർധസെഞ്ചുറി പൂർത്തിയാക്കി. 34 പന്തിൽ 4 സിക്സുകളുടെയും 2 ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്. എന്നാൽ തൊട്ടടുത്ത ഓവറിൽ അസമത്തുള്ള ഒമറസായിയുടെ പന്തിൽ സിക്സറിനു ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനു സമീപം റാഷിദ് ഖാൻ കൈകളിൽ ഒതുക്കി.
പിന്നാലെയെത്തിയ ശിവം ദുബെ ഒരു സിക്സും ഒരു ഫോറുമായി തുടങ്ങമിട്ടെങ്കിലും 10 പന്തിൽ 14 റൺസെടുത്ത താരത്തെ ഒമർസായി തന്നെ വീഴ്ത്തി. ആറാമനായി ഇഷാൻ കിഷൻ ക്രീസിലെത്തിയത്. 8 പന്തിൽ 10 റൺസെടുത്ത ഇഷാനെ, കീപ്പർ റഹ്മനുള്ള ഗുർബ്ബാസ് ഡയറക്ട് ത്രോയിൽ റണ്ണൗട്ടാക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും (4 പന്തിൽ 1) തിളങ്ങാനായില്ല. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും അവസാന ഓവർ വരെ പിടിച്ചുനിന്ന ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ (20 പന്തിൽ 29) ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 220 കടത്തിയത്. അക്ഷർ പട്ടേൽ ( പന്തിൽ 5*), രവി ബിഷ്ണോയ് (0*) എന്നിവർ പുറത്താകാതെ നിന്നു. അതേസമയം ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹികം സന്ദ്രാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.




