കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ തനിക്ക് നേരെയുണ്ടായ മുട്ടയേറിന് പിന്നാലെ സുപ്രീം കോടതി പരാമർശം ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടകൾ നേരിട്ടതുപോലെ താനും മുട്ടയേറ് നേരിട്ടെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.
സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലെ തെഹട്ടയിൽ പാർട്ടി യോഗത്തിനെത്തിയപ്പോഴാണ് മഹുവ മൊയ്ത്രയുടെ വാഹനത്തിന് നേരെ മുട്ടയേറുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മഹുവ ആരോപിച്ചു. പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയും ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.
മഹുവ മൊയ്ത്ര നേരത്തെ സമാനമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അന്ന് സുപ്രീം കോടതി ജസ്റ്റിസ് ദിപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നടത്തിയ പരാമർശമാണ് പുതിയ സംഭവത്തിന് പിന്നാലെ മഹുവ വീണ്ടും ഉയർത്തിക്കാട്ടിയത്. സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തിനായി വെടിയുണ്ടകൾ നേരിട്ടിരുന്നുവെന്നായിരുന്നു അന്നത്തെ പരാമർശം.
പുതിയ സംഭവത്തിന് പിന്നാലെ എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ, പൊലീസിനെ മുൻകൂട്ടി അറിയിച്ച ശേഷമാണ് മണ്ഡലത്തിലെ യോഗത്തിനെത്തിയതെന്നും എന്നിട്ടും ബിജെപി പ്രവർത്തകർ തനിക്കെതിരെ മുട്ടയെറിഞ്ഞെന്നും മഹുവ ആരോപിച്ചു. ജസ്റ്റിസ് ദിപങ്കർ ദത്തയുടെ മുൻ പരാമർശം പരാമർശിച്ചുകൊണ്ടായിരുന്നു ഇതിനെ ‘സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകളെ നേരിട്ടതുപോലെ’ നേരിട്ടതായുള്ള മഹുവയുടെ പരിഹാസരൂപത്തിലുള്ള പ്രതികരണം.
അതേസമയം, സംഭവത്തെ ബിജെപി നേതൃത്വവും അപലപിച്ചിട്ടുണ്ട്. മുട്ടയോ ചെരിപ്പോ എറിയുന്നതും അധിക്ഷേപിക്കുന്നതും ബിജെപിയുടെ സംസ്കാരമല്ലെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അഗ്നിമിത്ര പോൾ പ്രതികരിച്ചു.
Justice Dipankar Datta – MiLord I am officially both an MP in independent India & a freedom fighter today! BJP office bearers (NOT public) surrounded my mtng & pelted eggs as I left. Thank you MiLord for upholding our Constitutional protections. pic.twitter.com/FQHwSQUgD6
— Mahua Moitra (@MahuaMoitra) September 16, 2026





