ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലുമായി 16 വയസുകാരിയെ ലഹരി നൽകിയ ശേഷം വിവിധ സ്ഥലങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ എട്ട് പേർ അറസ്റ്റിൽ. സെപ്റ്റംബർ 10ന് പ്രതികളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് പെൺകുട്ടി കുടുംബത്തോടൊപ്പം പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു.
പെൺകുട്ടി നൽകിയ പരാതി പ്രകാരം, സെപ്റ്റംബർ 9ന് പിതാവ് ശാസിച്ചതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങി ബൊല്ലാരം റെയിൽവേ സ്റ്റേഷനിലെത്തി. ഇവിടെവച്ച് നീരജ് എന്ന പ്രതിയെ കണ്ടുമുട്ടിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് വിക്കി എന്ന മറ്റൊരു പ്രതിയും ഇവർക്കൊപ്പം ചേർന്നു. തുടർന്ന് കഞ്ചാവ് കലർത്തിയ സിഗരറ്റ് പെൺകുട്ടിക്ക് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പിന്നീട് വിക്കി പെൺകുട്ടിയെ ഹൈദരാബാദിലെ ധൂൽപള്ളി പ്രദേശത്തെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഇവിടെ നിഖിൽ ഉൾപ്പെടെ രണ്ട് പേർ കൂടി എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബൊല്ലാരത്തിലെ ഒരു വീട്, ധൂൽപള്ളിയിലെ ഹോട്ടൽ, മെഡ്ചലിന് സമീപത്തെ ഒഴിഞ്ഞ ട്രെയിൻ കോച്ച് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ബൊല്ലാരത്തിലുള്ള വിക്കിയുടെ വീട്ടിൽനിന്ന് പെൺകുട്ടി ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും വിക്കിയും സുഹൃത്ത് ഗണേഷും ചേർന്ന് വീണ്ടും പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുവരും പെൺകുട്ടിയെ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. പിന്നീട് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടി വീണ്ടും രക്ഷപ്പെടുകയും ഒടുവിൽ കുടുംബാംഗങ്ങളുടെ അടുത്തെത്തുകയുമായിരുന്നു.
പ്രതികളിൽ ചിലർ സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയുമായി പരിചയത്തിലായതെന്ന് പോലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ എട്ട് പേർക്കെതിരെയും വിശദമായ അന്വേഷണം തുടരുകയാണ്. ഇവരിൽ ആറ് പേർ ഉൾപ്പെട്ടതായി പറയപ്പെടുന്ന മുൻകാല ലൈംഗിക പീഡന ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം ജെറി വരുൺ എന്ന പ്രതിയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായതായി പറയുന്ന മറ്റൊരു സംഭവവും അന്വേഷണ പരിധിയിലുണ്ട്. പെൺകുട്ടിക്ക് മയക്കുമരുന്ന് കലർന്ന ചോക്ലേറ്റ് നൽകിയ ശേഷം കാറിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്.
റോമാല വരുൺ എന്ന മറ്റൊരു പ്രതിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയതായും ഇയാൾ പെൺകുട്ടിയെ സിഗരറ്റ്, മദ്യം, കഞ്ചാവ് എന്നിവ ഉപയോഗിക്കാൻ നിർബന്ധിച്ചെന്നുമാണ് പരാതിയിലുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതിയായ പരിശോധനകളില്ലാതെ ഹോട്ടലിൽ പ്രവേശിപ്പിക്കുകയും മുറി അനുവദിക്കുകയും ചെയ്തെന്നാരോപിച്ച് ധൂൽപള്ളിയിലെ ഹോട്ടൽ ഉടമയെയും മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയതായി ആരോപിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിനും അന്വേഷണം പുരോഗമിക്കുകയാണെന്ന് മൽകാജ്ഗിരി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (DCP) സി. ശ്രീധർ പറഞ്ഞു. കേസിലെ ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിശോധിച്ചുവരികയാണെന്നും ലഹരി പദാർഥങ്ങളുടെ വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ എട്ട് പേരെയും കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. കേസിലെ ഒമ്പതാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.




