തിരുവനന്തപുരം∙ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ ക്രമക്കേടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. സിന്‍ഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രബന്ധത്തിലെ ആരോപണവിധേയമായ ക്രമക്കേടുകൾ പ്രാഥമികമായി പരിശോധിക്കുന്നതിനായി നാലംഗ ഉപസമിതിയെ നിയോഗിക്കാനാണ് ഇന്ന് ചേർന്ന സിന്‍ഡിക്കറ്റ് യോഗത്തിലെ തീരുമാനം.
പ്രബന്ധത്തിൽ വ്യാപകമായ തെറ്റുകളും ക്രമക്കേടുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവർണർ സർവകലാശാലയ്ക്ക് കൈമാറിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ ചിന്താ ജെറോമിന്റെ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ശശികുമാർ വൈസ് ചാൻസലർക്ക് നൽകിയ നിവേദനത്തിലെ ആവശ്യം.
‘മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി ചിന്താ ജെറോം തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല പിഎച്ച്ഡി ബിരുദം നൽകിയത്. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മാർഗനിർദേശത്തിലായിരുന്നു പ്രബന്ധം തയ്യാറാക്കിയത്.
മലയാള സിനിമയെയും പ്രമുഖ താരങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധം തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണയത്തിന് അയച്ചത് ദുരൂഹമാണെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റ് പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.






