ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ (UPI) ഇടപാടുകൾക്ക് ഇനി ചാർജ് ഈടാക്കുമെന്ന റിപ്പോർട്ടുകൾ ഉപഭോക്താക്കളിൽ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ സാധാരണ ഉപഭോക്താക്കൾക്ക് യുപിഐ വഴി പണം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പുതിയതായി ചാർജ് നൽകേണ്ടിവരില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ Merchant Discount Rate (MDR) സംവിധാനം പ്രധാനമായും വ്യാപാരി ഇടപാടുകളെയാണ് ബാധിക്കുകയെന്നും എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഒക്ടോബർ 15 മുതൽ പുതിയ MDR സംവിധാനം പ്രാബല്യത്തിൽ വരും. ഇടപാടിന്റെ സ്വഭാവം, തുക, വ്യാപാരിയുടെ വിഭാഗം എന്നിവ അനുസരിച്ചായിരിക്കും ചാർജ് ബാധകമാകുക. എങ്ങനെയൊക്കെയാണ് പുതിയ യുപിഎ നയം ഉപഭോക്താക്കളെ ബാധിക്കുകയെന്ന് നോക്കാം.
ഉപഭോക്താക്കൾക്ക് എന്താണ് മാറ്റം?
സാധാരണ ഉപഭോക്താവിന് വലിയ മാറ്റമൊന്നും ഉണ്ടാകില്ല. യുപിഐ ഉപയോഗിച്ച് സുഹൃത്തിന് പണം അയയ്ക്കുന്നതും കുടുംബാംഗങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്നതും സൗജന്യമായി തുടരും.
വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള എല്ലാ യുപിഐ ഇടപാടുകളും സൗജന്യം.
ഇടപാട് തുക എത്രയായാലും വ്യക്തി-വ്യക്തി ഇടപാടിന് MDR ഇല്ല.
സുഹൃത്തിന് 10,000 രൂപ അയച്ചാലും അധിക ചാർജ് നൽകേണ്ടതില്ല.
യുപിഐ വഴി പണം സ്വീകരിക്കുന്ന വ്യക്തിക്കും ചാർജ് ഉണ്ടാകില്ല.
ഇത്തരം വ്യക്തി-വ്യക്തി ഇടപാടുകൾ യുപിഐയുടെ മൊത്തം ഇടപാട് മൂല്യത്തിന്റെ ഏകദേശം 70 ശതമാനമാണ്.
അതുപോലെ 2,000 രൂപ വരെ വ്യാപാരി ഇടപാടുകൾക്കും ചാർജില്ല,
കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ നടത്തുന്ന 2,000 രൂപ വരെയുള്ള യുപിഐ പേയ്മെന്റുകൾക്ക് ചാർജ് ഉണ്ടാകില്ല.
1,000 രൂപയുടെ സാധനങ്ങൾ വാങ്ങി യുപിഐ വഴി പണം നൽകിയാൽ അധിക തുക നൽകേണ്ടതില്ല.
2,000 രൂപ വരെ വ്യാപാരികൾക്ക് ലഭിക്കുന്ന യുപിഐ പേയ്മെന്റുകൾക്ക് MDR ഇല്ല.
ചെറിയ തുകയിലുള്ള ദൈനംദിന ഇടപാടുകൾക്ക് പുതിയ സംവിധാനം ബാധകമാകില്ല.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിൽ എന്താണ് ചാർജ്?
2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്കാണ് പുതിയ MDR ബാധകമാകുന്നത്.
MDR നിരക്ക് 0.4 ശതമാനം.
ഓരോ ഇടപാടിനും പരമാവധി 300 രൂപ വ്യാപാരിയാണ് നൽകേണ്ടത്.
ഉപഭോക്താവിൽ നിന്ന് ഈ ചാർജ് ഈടാക്കാൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 30,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയാൽ 0.4 ശതമാനം MDR പ്രകാരം 120 രൂപ ചാർജ് വരും. എന്നാൽ ഈ 120 രൂപ ഉപഭോക്താവ് നൽകേണ്ടതില്ല. വിൽപ്പനക്കാരനാണ് അത് വഹിക്കേണ്ടത്.
ഇന്ധനം, റെയിൽവേ തുടങ്ങിയ മേഖലകളിൽ 5 രൂപ
ചില അവശ്യ സേവനങ്ങളിലും കുറഞ്ഞ ലാഭവിഹിതമുള്ള മേഖലകളിലും വ്യത്യസ്ത നിരക്കാണ് ബാധകമാകുക.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ചാർജ്.
റെയിൽവേ ടിക്കറ്റ് ബുക്കിങ്.
ടെലികോം സേവനങ്ങൾ.
ഇൻഷുറൻസ്.
ഇന്ധന പേയ്മെന്റുകൾ.
കാർഷിക ഇൻപുട്ടുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ.
ഉദാഹരണത്തിന്, പെട്രോൾ പമ്പിൽ 5,000 രൂപയുടെ ഇന്ധനം നിറച്ചാൽ ഉപഭോക്താവ് 5,000 രൂപ മാത്രം നൽകിയാൽ മതി. ബാധകമായ 5 രൂപയുടെ MDR വ്യാപാരിയാണ് നൽകേണ്ടത്.
റെസ്റ്റോറന്റ് ബില്ലിലും ഉപഭോക്താവിന് അധിക ചാർജില്ല
6,000 രൂപയുടെ റെസ്റ്റോറന്റ് ബിൽ യുപിഐ വഴി അടച്ചാലും ഉപഭോക്താവ് 6,000 രൂപ തന്നെ നൽകിയാൽ മതി.
6,000 രൂപയുടെ 0.4 ശതമാനം = 24 രൂപ. ആ 24 രൂപ MDR ബാധകമായാലും അത് റെസ്റ്റോറന്റാണ് നൽകേണ്ടത്.
ഉപഭോക്താവിൽ നിന്ന് 24 രൂപ അധികമായി ഈടാക്കാൻ പാടില്ല.
ഓഹരി, മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്ക് വ്യത്യസ്ത നിരക്ക്
മൂലധന വിപണിയുമായി ബന്ധപ്പെട്ട ചില യുപിഐ ഇടപാടുകൾക്ക് 0.02 ശതമാനം MDR ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതിൽ ഉൾപ്പെടുന്നത്:
മ്യൂച്വൽ ഫണ്ട് പേയ്മെന്റുകൾ.
സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട ഇടപാടുകൾ.
സ്റ്റോക്ക് ബ്രോക്കർമാർ.
ഡീലർമാർ. ഇവിടെയും ഓരോ ഇടപാടിനും പരമാവധി 300 രൂപ എന്ന പരിധിയുണ്ട്.
ചെറിയ വ്യാപാരികൾക്ക് ആശ്വാസം
ചെറിയ കടകൾ, തെരുവുകച്ചവടക്കാർ, മൈക്രോ ബിസിനസുകൾ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനായി പ്രത്യേക ഇളവും പുതിയ സംവിധാനത്തിലുണ്ട്.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ വഴി സ്വീകരിക്കുന്ന ചെറിയ വ്യാപാരികൾക്ക് ചാർജില്ല.
ചെറിയ വ്യാപാര സ്ഥാപനങ്ങളിലെ കുറഞ്ഞ തുകയിലുള്ള ഇടപാടുകൾക്ക് MDR ബാധകമാകില്ല.
രാജ്യത്തെ ചെറുകിട വ്യാപാരികളിലേക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
MDR തുക ആർക്കാണ് ലഭിക്കുക?
ഇത് സർക്കാർ ഈടാക്കുന്ന നികുതിയല്ല. NPCIയും ഈ തുക നേരിട്ട് ഈടാക്കുന്നില്ല.
MDR വഴി ലഭിക്കുന്ന തുക പേയ്മെന്റ് സംവിധാനത്തിലെ വിവിധ പങ്കാളികൾക്കിടയിലാണ് വിതരണം ചെയ്യുക.
ബാങ്കുകൾ.
പേയ്മെന്റ് ആപ്ലിക്കേഷൻ ദാതാക്കൾ.
യുപിഐ സേവനദാതാക്കൾ.
മറ്റ് പേയ്മെന്റ് ഇക്കോസിസ്റ്റം പങ്കാളികൾ.
യുപിഐ സംവിധാനത്തിന്റെ പ്രവർത്തനം തുടരാനും കൂടുതൽ നിക്ഷേപം നടത്താനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഗ്രാമീണ, അർധനഗര മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാനും ഈ വരുമാനം സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്.
വ്യാപാരികൾ ഉപഭോക്താവിൽ നിന്ന് ചാർജ് ഈടാക്കുമോ?
ഇതാണ് ഉപഭോക്താക്കളുടെ പ്രധാന ആശങ്ക. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിൽ ചില വ്യാപാരികൾ അധിക ചാർജ് ഈടാക്കുന്ന സാഹചര്യമുണ്ടെങ്കിലും യുപിഐയിൽ MDR ഉപഭോക്താവിലേക്ക് മാറ്റാൻ വ്യാപാരികൾക്ക് അനുമതിയില്ല.
സർക്കാർ ബാങ്കുകൾക്ക് നൽകിയ നിർദേശം:
MDR ചാർജ് ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണം.
വ്യാപാരികൾ അധിക തുക ആവശ്യപ്പെടാൻ പാടില്ല.
യുപിഐ ആപ്ലിക്കേഷൻ ദാതാക്കൾ പ്ലാറ്റ്ഫോം ഫീസ് ഈടാക്കരുത്.
മറഞ്ഞിരിക്കുന്ന മറ്റ് ചാർജുകളും ചുമത്തരുത്.
യുപിഐ ഇടപാടുകൾക്ക് മാസപരിധിയുണ്ടോ?
സൗജന്യ യുപിഐ ഉപയോഗത്തിന് പ്രതിമാസ ക്വോട്ടയോ ഇടപാടുകളുടെ എണ്ണത്തിന് പരിധിയോ ഏർപ്പെടുത്തുന്നില്ല. എന്നാൽ ബാങ്കുകളും NPCIയും വിവിധ വിഭാഗങ്ങളിലെ ഇടപാടുകൾക്ക് പ്രതിദിന പരിധി നിശ്ചയിച്ചിട്ടുണ്ട്. സാധാരണയായി ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പരിധി ഉണ്ടായേക്കാം. ഇടപാടിന്റെ വിഭാഗം അനുസരിച്ച് പരിധി മാറും. ഇത് ചാർജ് ഈടാക്കാനുള്ള പരിധിയല്ല. മറിച്ച് സുരക്ഷയ്ക്കും റിസ്ക് മാനേജ്മെന്റിനുമുള്ള നിയന്ത്രണങ്ങളാണ് ഈ പരിധികൾ.
96% വ്യാപാരി ഇടപാടുകളും സൗജന്യമായി തുടരും
സർക്കാരിന്റെ കണക്കനുസരിച്ച് 2,000 രൂപ എന്ന പരിധി കാരണം ഏകദേശം 96 ശതമാനം വ്യക്തി-വ്യാപാരി യുപിഐ ഇടപാടുകളും ചാർജിൽ നിന്ന് ഒഴിവാകും. ഏകദേശം 96% വ്യാപാരി ഇടപാടുകളും സൗജന്യമായി തുടരും. ശേഷിക്കുന്ന ഏകദേശം 4 ശതമാനം ഇടപാടുകൾക്കാണ് MDR ബാധകമാകുക. സാധാരണ ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ചെറിയ വ്യാപാരികൾക്കായി പ്രത്യേക ഫണ്ട്
യുപിഐ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ചെറിയ വ്യാപാരികളെ ലക്ഷ്യമിട്ട് പ്രത്യേക ഫണ്ടും രൂപീകരിക്കും.
MDR വഴി ലഭിക്കുന്ന മൊത്തം തുകയുടെ 5 ശതമാനത്തിന് തുല്യമായ തുക ഈ ഫണ്ടിലേക്ക് മാറ്റും.
ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നവ
ചെറിയ വ്യാപാര സ്ഥാപനങ്ങളിൽ UPI സ്വീകരണം വർധിപ്പിക്കുക.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ വ്യാപിപ്പിക്കുക.
യുപിഐയുടെ ഉപയോഗം സുസ്ഥിരമാക്കുക.
കൂടുതൽ ചെറുകിട ബിസിനസുകളെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരിക.
നാല് ഉദാഹരണങ്ങളിലൂടെ മനസിലാക്കാം
1. പെട്രോൾ പമ്പിൽ 5,000 രൂപയുടെ ഇന്ധനം
ഉപഭോക്താവ് നൽകേണ്ടത്: 5,000 രൂപ മാത്രം.
ബാധകമായ 5 രൂപ MDR: പെട്രോൾ പമ്പ്/ഇന്ധന സ്ഥാപനമാണ് നൽകേണ്ടത്.
2. റെസ്റ്റോറന്റ് ബിൽ 6,000 രൂപ
ഉപഭോക്താവ് നൽകേണ്ടത്: 6,000 രൂപ. 0.4 ശതമാനം MDR: 24 രൂപ. ഈ തുക റെസ്റ്റോറന്റ് നൽകണം.
3. 30,000 രൂപയുടെ മൊബൈൽ ഫോൺ
ഉപഭോക്താവ് നൽകേണ്ടത്: 30,000 രൂപ.
0.4 ശതമാനം MDR: 120 രൂപ.ഈ തുക വ്യാപാരി നൽകണം.
4. സുഹൃത്തിന് 10,000 രൂപ അയയ്ക്കുന്നു
ഉപഭോക്താവ് നൽകേണ്ടത് 10,000 രൂപ മാത്രം.
MDR: ഇല്ല. കാരണം ഇത് വ്യക്തി-വ്യക്തി ഇടപാടാണ്.
എന്തുകൊണ്ടാണ് പുതിയ MDR സംവിധാനം കൊണ്ടുവരുന്നത്?
Payment and Settlement Systems Act, 2007 പ്രകാരമാണ് MDR സംവിധാനം കൊണ്ടുവരുന്നത്. യുപിഐ സംവിധാനത്തിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഈ നീക്കമെന്നാണ് സർക്കാരിന്റെ വിശദീകരണം. വലിയ വ്യാപാരി ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും യുപിഐ ആപ്പ് പ്രൊവൈഡർമാർക്കും ലഭിക്കും. ഇതിലൂടെ യുപിഐയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും രാജ്യത്തെ ഗ്രാമീണ, അർധനഗര മേഖലകളിലേക്ക് സേവനം കൂടുതൽ വ്യാപിപ്പിക്കാനും കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ചുരുക്കത്തിൽ, സാധാരണ ഉപഭോക്താവിന് യുപിഐ ഉപയോഗിക്കാൻ പുതിയതായി പണം നൽകേണ്ടി വരില്ല. വ്യക്തി-വ്യക്തി ഇടപാടുകൾ സൗജന്യമായി തുടരും. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും ഉപഭോക്താവിന് അധിക ചാർജില്ല. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് MDR ബാധകമാകുമെങ്കിലും അതിന്റെ ബാധ്യത വ്യാപാരിക്കാണ്. ഉപഭോക്താവിൽ നിന്ന് MDR ഈടാക്കാൻ പാടില്ലെന്നതാണ് പുതിയ സംവിധാനത്തിലെ പ്രധാന വ്യവസ്ഥ.




