തിരുവനന്തപുരം: ജല അതോറിറ്റിയുടെ പമ്പ് ഓപ്പറേറ്ററെ ആക്രമിച്ചശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വർണമാല കവർന്ന് മൂന്നംഗ സംഘം കടന്നുകളഞ്ഞു. വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലെ പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശിയുമായ ഹരിഹര സുധൻ (54) ആണ് ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച പുലർച്ചെ 1.10ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ഹെൽമറ്റ് ധരിച്ച് മുഖംമറച്ച നിലയിലായിരുന്നു. പമ്പ് ഹൗസിലേക്ക് ഓടിക്കയറിയ സംഘം ഹരിഹര സുധനെ ബലപ്രയോഗത്തിലൂടെ കസേരയിൽ ഇരുത്തിയശേഷം കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.
ഹരിഹര സുധൻ മാല കൈകൊണ്ട് തടഞ്ഞതോടെ സംഘം പ്രകോപിതരായി മുഖത്തും ദേഹത്തും മർദിക്കുകയായിരുന്നു. തുടർന്ന് മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മാല പൊട്ടിച്ചെടുത്തു. പിന്നാലെ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഹരിഹര സുധൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി. തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ ഹരിഹര സുധനെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു. സി.ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.






