മുംബൈ: ജയന്റ് വീലിൽ തലമുടി കുരുങ്ങിയതിനെ തുടർന്ന് യുവതിയുടെ തലയോട്ടിയിലെ ചർമ്മം അടർന്നുപോയി. മഹാരാഷ്ട്രയിലെ യവത്മാളിൽ വെള്ളിയാഴ്ച നടന്ന പ്രാദേശിക മേളയിലാണ് ദാരുണസംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൽസവാംഗി സ്വദേശിനി ബാലി മരോതി താലികോട്ടെ (25) ആണ് അപകടത്തിൽപ്പെട്ടത്.
യവത്മാൾ ജില്ലയിലെ മഹാഗാവ് താലൂക്കിൽ തൻഹ പോള ഉത്സവത്തോടനുബന്ധിച്ച് നടന്ന മേളയിലായിരുന്നു അപകടം. ജയന്റ് വീൽ ശക്തമായി കറങ്ങുന്നതിനിടെ യുവതിയുടെ തലമുടി സീറ്റിന് പിന്നിലെ റോളിങ് ബെയറിങ്ങിൽ കുടുങ്ങുകയായിരുന്നു. കറക്കത്തിന്റെ വേഗം കൂടിയതോടെ മുടിക്കൊപ്പം തലയോട്ടിയിലെ ചർമ്മവും വേർപെട്ടുപോയി.
യുവതിയുടെ നിലവിളിയും രക്തം വാർന്നൊഴുകുന്നതും കണ്ട് മേളയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. തുടർന്ന് നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് ജയന്റ് വീൽ നിർത്തുകയായിരുന്നു.
അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സുനിൽ അംഭൂരെ, പൊലീസ് കോൺസ്റ്റബിൾ സുഹാസ് കായ്തെ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ ജയന്റ് വീലിൽനിന്ന് താഴെയിറക്കി ഉടൻ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം.






