കോഴിക്കോട്: പന്തീരാങ്കാവിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, നഴ്സിങ് വിദ്യാർഥിനിയായ മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരെയാണ് കോഴിക്കോട് പൊലീസ് നോയിഡയിലെ ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ആവശ്യക്കാരിൽനിന്ന് പണം വാങ്ങിയശേഷം എംഡിഎംഎ എത്തിച്ചുനൽകുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, നിരവധി ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, നോട്ടെണ്ണൽ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിലാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ച് കോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും പൊലീസ് വ്യക്തമാക്കി.
മൂന്ന് മാസം മുൻപാണ് കോഴിക്കോട് പന്തീരാങ്കാവിൽ ഒരുകിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്മലും സൂര്യയും പിടിയിലായത്.
ലഹരിമരുന്ന് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ പേർ ഇനിയും അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.






