ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പൊതു പേയ്മെന്റ് സംവിധാനം വരുന്നു. ഡോളറിനെ ആശ്രയിക്കാതെ അംഗരാജ്യങ്ങൾക്ക് സ്വന്തം കറൻസിയിൽ തന്നെ പരസ്പരം ഇടപാടുകൾ നടത്താൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
‘ബ്രിക്സ് പേ’ എന്ന പേരിലുള്ള ബാങ്കിങ് പേയ്മെന്റ് സംവിധാനമാണ് പരിഗണനയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട കരാർ ഇന്ന് പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് അറിയിച്ചു.
പൊതു കറൻസി കൊണ്ടുവരുന്നതിന് പകരം ഓരോ രാജ്യത്തിന്റെയും സ്വന്തം കറൻസി ഉപയോഗിച്ച് ഡോളറിനെ ആശ്രയിക്കാതെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള പൊതുസംവിധാനം ഒരുക്കും.
ഡാറ്റ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില അംഗരാജ്യങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനായാൽ ബ്രിക്സ് പേ സംവിധാനം ഉടൻ യാഥാർഥ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളിലും വിനിമയത്തിലും ഡോളറിനാണ് പ്രധാനമായും ആശ്രയിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ബ്രിക്സ് രാജ്യങ്ങൾക്ക് സ്വന്തം കറൻസിയിൽ പരസ്പരം ഇടപാടുകൾ നടത്താനും ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കാനും സാധിക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടെ ബ്രിക്സ് കൂട്ടായ്മയിലെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പേയ്മെന്റ് സംവിധാനത്തിനുള്ള നീക്കം.






