കൊല്ലം ∙ നേതാക്കളെയും പ്രവർത്തകരെയും വിലയിരുത്തേണ്ടത് പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണോ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണോ എന്നതിനെച്ചൊല്ലി ബിജെപിയിൽ വിവാദം. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെ പാർട്ടിയിൽ കോർപ്പറേറ്റ് ശൈലിയിൽ ടാർഗറ്റുകൾ നിശ്ചയിക്കുകയും പ്രവർത്തന മികവ് വിലയിരുത്തുകയും ചെയ്യുന്ന രീതിക്കെതിരെയാണ് വിമർശനം ഉയരുന്നത്.
കോഴിക്കോട്ട് നടന്ന പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പെർഫോമൻസിനേക്കാൾ പ്രതിബദ്ധതയ്ക്കാണ് പ്രാധാന്യമെന്ന് തുറന്നടിച്ചത്. ‘‘പെർഫോമൻസിന്റെ അടിസ്ഥാനത്തിലല്ല ഒരു പ്രവർത്തകനെ അടയാളപ്പെടുത്തേണ്ടത്, പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ്. പ്രതിബദ്ധതയുണ്ടെങ്കിൽ പെർഫോമൻസ് പിന്നാലെ വരും’’ എന്നായിരുന്നു രമേശിന്റെ പരാമർശം.
സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളും റീലുകളും അടിസ്ഥാനമാക്കി ഒരാളുടെ സ്വഭാവം വിലയിരുത്തുന്നതിനെയും രമേശ് വിമർശിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഉൾപ്പെടെയുള്ള പരിപാടികൾ ബൂത്തുതല പ്രവർത്തകർക്കൊപ്പം കാണുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും വേണമെന്ന നിർദേശം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടുത്തിടെ ശക്തമായിരുന്നു.
ടാർഗറ്റ് നൽകിയ ബൂത്തുകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയാത്ത ജില്ലാ പ്രസിഡന്റുമാരെ മാറ്റുമെന്ന തരത്തിൽ ഓൺലൈൻ യോഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നതായും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരോക്ഷ വിമർശനവുമായി എം.ടി. രമേശ് രംഗത്തെത്തിയത്. മുതിർന്ന ആർഎസ്എസ് നേതാവ് പി.ആർ. ശശിധരൻ പങ്കെടുത്ത വേദിയിലായിരുന്നു രമേശിന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന പരാതിയും നേരത്തേ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. മുതിർന്ന നേതാക്കളുമായി പോലും ആലോചിക്കാതെ സംസ്ഥാന അധ്യക്ഷൻ ‘ഉത്തരവ്’ ഇറക്കുന്ന രീതിക്കെതിരെയാണ് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയത്.
പ്രവർത്തകരെ കോർപ്പറേറ്റ് കമ്പനിയിലെ ജീവനക്കാരെപ്പോലെയാണ് പരിഗണിക്കുന്നതെന്ന വിമർശനവും ജില്ലാതല തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ഉയർന്നിരുന്നു. ഓൺലൈനായി ചേരുന്ന പാർട്ടി കമ്മിറ്റികളിൽ നേതാക്കൾക്ക് പുറമേ ചില പിആർ ഏജൻസികളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിലാണ് പെർഫോമൻസിനേക്കാൾ പ്രതിബദ്ധതയ്ക്കാണ് പ്രാധാന്യമെന്ന എം.ടി. രമേശിന്റെ പരാമർശം ബിജെപിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാക്കുന്നത്.






