ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, ഊർജസുരക്ഷ, വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ എന്നിവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങൾ. വ്യവസായ സഹകരണം, റെയിൽവേ, ടണലിങ്, സ്റ്റീൽ ഉത്പാദനം, സിവിൽ ആണവ സാങ്കേതികവിദ്യ, വളം വിതരണം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരുനേതാക്കളും ചർച്ച ചെയ്തു.
2030-ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഇന്ത്യയിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ സേവനം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
2022 ഫെബ്രുവരിയിൽ യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്. യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങണമെന്ന് മോദി റഷ്യയോട് അഭ്യർഥിച്ചു. യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടല്ല സ്വീകരിക്കുന്നതെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവിതരണം പ്രതിസന്ധി നേരിടുന്നതിനിടെയാണ് റഷ്യയുമായുള്ള ഊർജ സഹകരണത്തിന് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചകളിൽ പ്രധാന വിഷയമായി.
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രശസ്ത കൃതിയായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിന് സമ്മാനമായി നൽകി. ഇന്ത്യയുടെ സമ്പന്നമായ സാഹിത്യ-തത്ത്വചിന്താ പാരമ്പര്യം റഷ്യയുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പുസ്തകം സമ്മാനിച്ചത്.
മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ക്ലാസിക് തമിഴ് കൃതിയാണ് തിരുക്കുറൾ. ധാർമികത, വ്യക്തിപരമായ പെരുമാറ്റം, മാനുഷിക ബന്ധങ്ങൾ, ജീവിതം, മരണം തുടങ്ങിയ വിഷയങ്ങളാണ് കൃതിയിൽ പ്രതിപാദിക്കുന്നത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക സഹകരണത്തിനൊപ്പം സാംസ്കാരിക ബന്ധത്തിനും പ്രാധാന്യം നൽകുന്നതിന്റെ സൂചനയായാണ് പുടിന് തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചത്.






