കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണോ എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.
‘കൈതൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ഇങ്ങനെ തെക്കും വടക്കും അടിക്കും’ എന്ന രൂക്ഷ പരാമർശവും കോടതി നടത്തി. ഒരു തെറ്റ് സംഭവിക്കാമെന്നും എന്നാൽ തുടർച്ചയായി തെറ്റുകൾ സംഭവിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നത് മനഃപൂർവമാണെന്നും കോടതി വിമർശിച്ചു.
അനുമതിയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ചയ്ക്കകം തീരുമാനമുണ്ടായില്ലെങ്കിൽ വകുപ്പ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസിലെ നടപടികൾ വൈകുന്നതിൽ നേരത്തെയും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.
മൈക്രോ ഫിനാൻസ് കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ആവിഷ്കരിച്ച് പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തുവെന്നതാണ് കേസിലെ പ്രധാന ആരോപണം.
2016ലാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിയെടുത്തെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചത്.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിൽ തുടർച്ചയായി കാലതാമസം നേരിട്ടതോടെയാണ് കോടതി സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.






