ലഖ്നൗ: ഒളിച്ചോടി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്. ഭാര്യയുടെ കാമുകനുമായുള്ള വിവാഹത്തിനും ഭർത്താവ് സഹായിച്ചു. ഉത്തർപ്രദേശിലെ മാലിഹാബാദിലാണ് വ്യത്യസ്തമായ സംഭവം.
സംസ്ഥാന സുരക്ഷാസേനയായ പ്രാന്തീയ രക്ഷക് ദളിലെ (പിആർഡി) ജവാനാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് ഒളിച്ചോടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതിനിടെയാണ് യുവതി കാമുകനൊപ്പം മാലിഹാബാദ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പൊലീസ് ഭർത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഭർത്താവിനൊപ്പം മടങ്ങിപ്പോകാൻ ബന്ധുക്കളടക്കം യുവതിയെ നിർബന്ധിച്ചെങ്കിലും അവർ തയ്യാറായില്ല. കാമുകനൊപ്പം ജീവിക്കണമെന്നായിരുന്നു യുവതിയുടെ നിലപാട്. വിവാഹത്തിന് മുൻപ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഇതോടെ വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്ന് തീരുമാനിച്ച പിആർഡി ജവാൻ വിവാഹബന്ധത്തിൽനിന്ന് പിന്മാറാൻ തയ്യാറാവുകയായിരുന്നു. ഭാര്യ കാമുകനൊപ്പം പോകുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. തുടർന്ന് യുവതിയും കാമുകനും സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി.
വിവാഹത്തിന് മുൻപ് കാമുകനോട് വിശ്വസ്തത പുലർത്തണമെന്ന് ജവാൻ യുവതിയോട് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇരുവിഭാഗത്തിനും പരാതിയില്ലെന്നും പ്രശ്നം പരസ്പരം സംസാരിച്ച് പരിഹരിച്ചതിനാൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മാലിഹാബാദ് ഇൻസ്പെക്ടർ സുരേന്ദ്ര ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു.






