ആലപ്പുഴ∙ തിമിര ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയെന്ന് ആരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വയോധികയുടെ കുടുംബം പരാതി നൽകി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലത (67)യ്ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ലതയുടെ വലതു കണ്ണിൽ തിമിര ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് കണ്ണിലെ സ്വാഭാവിക ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയതെന്ന് കുടുംബം പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും ഇക്കാര്യം മണിക്കൂറുകളോളം ബന്ധുക്കളിൽനിന്ന് ആശുപത്രി അധികൃതർ മറച്ചുവച്ചെന്നും കുടുംബം ആരോപിച്ചു. പിന്നീട് തെറ്റ് തിരിച്ചറിഞ്ഞിട്ടും തുടർചികിത്സയ്ക്കുള്ള കാര്യങ്ങളിൽ ആശുപത്രി അധികൃതർ വേണ്ടത്ര ഇടപെട്ടില്ലെന്നും പരാതിയുണ്ട്.
കണ്ണ് പൂർവസ്ഥിതിയിലാക്കാൻ ലതയ്ക്ക് മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണ്. കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണ് ഇതിനുള്ള സൗകര്യമുള്ളതെന്നും അവിടെ തുടർചികിത്സയ്ക്കുള്ള ക്രമീകരണം ഒരുക്കാൻ ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ തയാറാകുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
എന്നാൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. തിമിര ശസ്ത്രക്രിയയ്ക്കിടെ സാധാരണയായി ഉണ്ടാകാവുന്ന സങ്കീർണതയാണിതെന്നും അധികൃതർ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളജിലെ തുടർചികിത്സ സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് നൽകാനും ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ തയാറായിട്ടില്ല.






