കോട്ടയം: മതസൗഹാർദത്തിൻറെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം പകർന്ന് പള്ളിയിലെ വേദിയിൽ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ. ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലെ ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ടാണ് എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച ഗാനമേളയ്ക്കിടെ ഭക്തിഗാനം ആലപിച്ചത്.
പെരുന്നാൾ കാണാനെത്തിയ ഹൈന്ദവ വിശ്വാസികളുടെ സ്നേഹപൂർവമായ അഭ്യർഥന മാനിച്ചാണ് വൈദികൻ വേദിയിലെത്തിയത്. യേശുദാസ് ആലപിച്ച ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ’ എന്ന ഗാനമാണ് ഫാ. ഫ്രാൻസിസ് പാടിയത്. ഭക്തിയോടെയും ആർദ്രതയോടെയും അദ്ദേഹം ആലപിച്ച ഗാനം സദസ്സിന്റെ മനംകവർന്നു.
ഗാനം ആലപിക്കണമെന്ന ആവശ്യത്തോട് ‘നോ’ പറയാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് പറഞ്ഞു. പാട്ട് പൂർത്തിയായതോടെ നിരവധി വിശ്വാസികൾ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സഹോദരങ്ങളുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി ഒരു പാട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞത് തനിക്കും ഏറെ സന്തോഷം നൽകിയെന്നും വൈദികൻ കൂട്ടിച്ചേർത്തു.
മതസൗഹാർദത്തിന്റെ സന്ദേശവുമായി ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ ഒരു ക്ഷേത്രത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ച സംഭവവും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആ സംഭവത്തെ ചില തീവ്ര മതവാദികൾ വിവാദമാക്കിയിരുന്നു. ‘പള്ളിയിൽ ഹൈന്ദവ ഭക്തിഗാനം ആലപിക്കാൻ അനുവദിക്കുമോ?’ എന്ന ചോദ്യങ്ങൾ അന്ന് ഉയർന്നിരുന്നു.
അതേസമയം, ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികന്റെ ഗാനാലാപനം ഇത്തരം വിവാദങ്ങൾക്കുള്ള സ്നേഹപൂർവമായ മറുപടിയായി മാറുകയാണ്. മതവിദ്വേഷ പ്രചാരണങ്ങൾ ശക്തമാകുന്ന കാലത്ത് പരസ്പര ബഹുമാനത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം ഉയർത്തുന്ന ഈ നിമിഷം സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.






