ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പോലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്.
ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. തുടർന്ന് ആൺസുഹൃത്ത് അഭിരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെയാണ് അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്ന് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായി വിവരം പുറത്തുവന്നത്. ഇക്കാര്യം ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും ഗോഡ്സൺ മർദിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളും ഗോഡ്സന്റെ മോശം പെരുമാറ്റവും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ഉയർന്നതോടെയാണ് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
തുടർന്ന് കുമളി എസ്.ഐ. എം.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കൊച്ചിയിലെത്തി ഗോഡ്സണെ പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.






