ചേർത്തല: പാർട്ടിയിൽനിന്ന് പുറത്തുപോയവർ സി.പി.എമ്മിനെ നന്നാക്കാൻ വരേണ്ടെന്ന കടുത്ത മുന്നറിയിപ്പുമായി ആലപ്പുഴ ജില്ലാ നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്ന് വിമർശനവുമായി രംഗത്തെത്തുന്ന ‘നന്മമരങ്ങൾ’ വേണ്ടെന്നും കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, മുൻ മന്ത്രി ജി. സുധാകരൻ തുടങ്ങിയവരെ പേരെടുത്തുപറയാതെയാണ് യോഗത്തിൽ വിമർശനമുയർന്നത്.
കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് രൂക്ഷ വിമർശനമുണ്ടായത്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ആമുഖപ്രസംഗം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാനാണ് വിഷയത്തിൽ ശക്തമായി പ്രതികരിച്ചത്.
പാർട്ടി മുമ്പും തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അതിനുശേഷം ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്തുപോയവർ തങ്ങൾ എത്തിയ ഇടങ്ങൾ നന്നാക്കുകയാണ് ചെയ്യേണ്ടത്. സി.പി.എമ്മിനെ നന്നാക്കാൻ അവർ വരേണ്ടതില്ലെന്നും അതിനുള്ള ശേഷി പാർട്ടിക്കും അംഗങ്ങൾക്കും നേതാക്കൾക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരന്റെ നേതൃത്വത്തിലും പാർട്ടി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ ഉൾപ്പെടെ നേതാക്കൾ തോറ്റിട്ടുണ്ടെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. പാർട്ടിയിൽനിന്ന് ലഭിച്ചതെല്ലാം നേടിയശേഷം പുതിയ അധികാരത്തിനായി പുറത്തുപോയവരെപ്പോലെ, പാർട്ടിക്കുള്ളിൽ ചിലർ ‘നന്മമരങ്ങൾ’ ആയി രംഗത്തെത്തി വെളിപ്പെടുത്തലുകൾ നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരം നീക്കങ്ങളെ ശ്രദ്ധിക്കണമെന്നും ഇല്ലാത്ത വിഷയങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് മാധ്യമങ്ങൾക്കുമുന്നിൽ സ്വയം ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടി അംഗങ്ങളാണ് ചർച്ചചെയ്യേണ്ടതെന്നും പുറത്തുപോയവരും മാധ്യമങ്ങളുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഷയങ്ങളും പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ചർച്ചചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങൾക്കിടയിൽ കൂടുതൽ ശക്തമായി പ്രവർത്തനം തുടരുമെന്നും സജി ചെറിയാൻ പറഞ്ഞു.
അജൻഡയിൽ ഉൾപ്പെടാത്ത വിഷയമായിരുന്നെങ്കിലും സജി ചെറിയാന്റെ പ്രസംഗത്തിന് യോഗത്തിൽ വലിയ പിന്തുണ ലഭിച്ചതായാണ് വിവരം. പ്രസംഗത്തിനിടെ നേതാക്കൾ കൈയടിയോടെയാണ് പ്രതികരിച്ചത്.






