തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ചിറയിൻകീഴിലെ ഒരു വീട്ടിൽ നടന്ന യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. എന്നാൽ എംഎൽഎയാണ് തന്നെ ആക്രമിച്ചതെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ആരോപിച്ചു. ഇരുകൂട്ടരും പരസ്പരം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന ബ്ലോക്ക് തല യോഗമാണ് തർക്കത്തിന് തുടക്കമിട്ടത്. ജനപ്രതിനിധികളും പ്രോജക്ട് ഇംപ്ലിമെന്റിങ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ എംഎൽഎയുടെ പിഎ പാളയം പ്രദീപും പങ്കെടുത്തിരുന്നു. യോഗത്തിൽ കരാറുകാർക്ക് പ്രദീപ് നിർദേശങ്ങൾ നൽകിയതിനെച്ചൊല്ലിയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കിടയിൽ വിമർശനമുയർന്നത്.
പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ പിന്നീട് ഗ്രൂപ്പിൽ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെച്ചൊല്ലിയും ഇരുവിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടായി.
തുടർന്ന് രാത്രി 9.30ഓടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഇക്കാര്യം ചോദ്യം ചെയ്തെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതിനുപിന്നാലെയാണ് വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം.
പുറത്തുവന്ന ദൃശ്യങ്ങളിൽ രമ്യ ഹരിദാസ് ‘എന്റെ കൈ വിടടാ’ എന്നും ‘നീയാരാടാ’ എന്നും പറയുന്നത് കേൾക്കാം. സംഭവത്തിൽ എംഎൽഎയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് രാത്രി വൈകിയാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പോലീസ് ആശുപത്രിയിലെത്തി എംഎൽഎയുടെ മൊഴിയും രേഖപ്പെടുത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാതിയും സംഘർഷത്തിലേക്ക് നയിച്ച സംഭവക്രമവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.






