ടെഹ്‌റാൻ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇന്ധനമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കരുതിവെക്കണമെന്നും ഇറാൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. അമേരിക്കക്കെതിരായ തിരിച്ചടി സൈനിക മേഖലയിൽ മാത്രം ഒതുങ്ങില്ലെന്നും പല മേഖലകളിലേക്കും വ്യാപിപ്പിച്ചുള്ള പ്രതിരോധത്തിലേക്കാണ് ഇറാൻ നീങ്ങുന്നതെന്നുമാണ് സൂചന.
തിരിച്ചടിയുടെ രീതിയിൽ മാറ്റം വരുത്തിയതായി വ്യക്തമാക്കിയ ഇറാൻ വൈസ് പ്രസിഡന്റ്, അമേരിക്കയ്ക്ക് ഒരുതരത്തിലും സുരക്ഷിതത്വം ഉറപ്പാക്കാനാകില്ലെന്നും വ്യക്തമാക്കി. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് ‘കറുത്ത ദിനങ്ങളാ’ണെന്നും അമേരിക്കൻ പൗരന്മാർ ഇന്ധനമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കരുതിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ഇറാൻ വൈസ് പ്രസിഡന്റ് ഉദ്ദേശിക്കുന്ന തിരിച്ചടി ഏതെല്ലാം മേഖലകളിലായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സൈനിക നടപടികൾക്കു പുറമെ സാമ്പത്തിക, തന്ത്രപ്രധാന മേഖലകളിലേക്കും തിരിച്ചടി വ്യാപിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല.
അതിനിടെ, കുവൈത്തിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായി കുവൈത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഇറാനിയൻ പൈലറ്റുമാരാണെന്നും റിപ്പോർട്ടുകളുണ്ട്.
ഹോർമൂസ് കടലിടുക്കിലും ഇറാൻ നിലപാട് കടുപ്പിച്ചു. തങ്ങളുടെ നിർദേശം മറികടന്ന് കടന്നുപോയ കപ്പലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഇറാൻ പട്ടിക പുറത്തിറക്കി. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമൂസിൽ ഇറാന്റെ നീക്കം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാൻ-അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഏറ്റുമുട്ടൽ പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്.
കഴിഞ്ഞ ദിവസം കുവൈത്തിലെ അമേരിക്കൻ താവളത്തിലേക്ക് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ചെറുത്തെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഇറാനിയൻ പൈലറ്റുമാരാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഹോർമൂസിൽ തങ്ങളുടെ നിർദേശം മറികടന്ന് കടന്നുപോയ കപ്പലുകളെ കരിമ്പട്ടികയിൽ പെടുത്തി ഇറാൻ പട്ടിക പുറത്തിറക്കി. ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.






