മലപ്പുറം: പഴയ സി.പി.ഐ–യു.ഡി.എഫ് ബന്ധത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും യോജിക്കുന്ന കാര്യങ്ങൾ ആലോചിക്കാമെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ. ചന്ദ്രികയിൽ എഴുതിയ ലേഖനം സി.പി.ഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ നിരീക്ഷണം മാത്രമാണെന്നും അതിനെ യു.ഡി.എഫിലേക്കുള്ള ക്ഷണമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ഞാനൊരു ലേഖനമെഴുതിയാൽ അത് എങ്ങനെ ലീഗിന്റെ ക്ഷണമാകും. എന്റെ നിരീക്ഷണം ക്ഷണമായി കാണുന്നതിൽ അർത്ഥമില്ല’’ എന്നും കെ.എൻ.എ. ഖാദർ വിശദീകരിച്ചു.
എൽ.ഡി.എഫിലെ ഉപനേതൃപദവിയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് ഖാദറിന്റെ പ്രതികരണം. രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലാതെ തന്നെ സി.പി.ഐക്ക് യു.ഡി.എഫിലേക്ക് എത്താമെന്നായിരുന്നു ചന്ദ്രികയിലെ ലേഖനത്തിലെ പരാമർശം. ഇതേക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽ സി.പി.ഐയും സി.പി.എമ്മും മുസ്‌ലിം ലീഗുമടക്കമുള്ള പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ബി.ജെ.പി. ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച് ജനാധിപത്യവും ഭരണഘടനാധിഷ്ഠിതമായ സദ്ഭരണവും തിരിച്ചുകൊണ്ടുവരിക എന്നതാണ് ഈ പാർട്ടികളുടെ ലക്ഷ്യമെന്നും ഖാദർ പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ഒരു സംസ്ഥാനത്ത് വ്യത്യസ്ത മുന്നണികളിൽ നിൽക്കുന്നതിൽ കുഴപ്പമില്ല. സി.പി.ഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസുമായാണ്. സി.പി.ഐയും സി.പി.എമ്മും തമ്മിൽ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും നയപരമായും നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐയുടെ പരിപാടികളിൽ ‘ദേശീയ ജനാധിപത്യ മുന്നണി’ എന്നാണ് രേഖപ്പെടുത്തുന്നത്. എന്നാൽ സി.പി.എം ‘ജനകീയ ജനാധിപത്യ മുന്നണി’ എന്ന പേരിലാണ് പരിപാടികൾ നടത്തുന്നത്. ഇരു മുന്നണി സങ്കൽപ്പങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും ഖാദർ പറഞ്ഞു.
പത്രത്തിലെ നിരീക്ഷണ കോളത്തിൽ രാഷ്ട്രീയരംഗത്തെ ചില സാധ്യതകളാണ് താൻ എഴുതിയത്. അത് മുന്നണിയിലേക്കുള്ള ക്ഷണമല്ല. ക്ഷണിക്കേണ്ടവർ വേറെയാണെന്നും ഖാദർ വ്യക്തമാക്കി.






