തിരുവനന്തപുരം: 2018ൽ കൺമുന്നിലുണ്ടായ വാഹനാപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ജിജി മാത്യുവിന് എട്ട് വർഷങ്ങൾക്കുശേഷം മകൾ ആൻ മേരിയെയും അകാലത്തിൽ നഷ്ടമായി. കലിഫോർണിയയിൽ കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് കേശവദാസപുരം കക്കാട് ലെയ്നിലെ വീട്ടിലെ പിതാവ്. ആശ്വസിപ്പിക്കാനായി ബന്ധുക്കളും അടുപ്പക്കാരും വീട്ടിലെത്തുന്നുണ്ടെങ്കിലും മകളുടെ ഓർമയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ജിജി.
ആനിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഉറ്റ സുഹൃത്തായ അനിലയിൽനിന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ജിജി പറയുന്നു. മൃതദേഹം രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. മകളുടെ വിയോഗവാർത്തയറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തി.
2018ൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ചുണ്ടായ അപകടത്തിലാണ് ജിജിയുടെ ഭാര്യ ബെസിയെ നഷ്ടമായത്. ജോലി തേടി നാല് വർഷം മുൻപ് യുഎസിലേക്ക് പോയ ആൻ മേരിയുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് നാട്ടിൽ തനിച്ചായിരുന്ന അച്ഛനെക്കുറിച്ചായിരുന്നു. മിക്ക ദിവസങ്ങളിലും ഫോണിൽ വിളിച്ച് അച്ഛന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുമായിരുന്നു. സംഭവത്തിന് തൊട്ടുമുൻപും ആൻ അച്ഛനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു.
ഈ വർഷം ജൂണിലാണ് ഭർത്താവ് ജേക്കബിനും രണ്ട് മക്കൾക്കുമൊപ്പം ആൻ അവസാനമായി നാട്ടിലെത്തിയത്. പിതാവ് ജിജിയുടെ 70ാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു വരവിന്റെ പ്രധാന ലക്ഷ്യം. ആൻ മേരിയും അഞ്ജനയും പൊലീസ് കസ്റ്റഡിയിലുള്ള അനിലയും ഉറ്റ സുഹൃത്തുക്കളായിരുന്നു. കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിലായിരുന്നു മൂവരും കുടുംബസമേതം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവർ ഒരുമിച്ച് ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചത്.
അതിനിടെ, യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ കൊല്ലപ്പെട്ട പാണഞ്ചേരി തെക്കൂട്ട് അഞ്ജന ഹരിയുടെ വീട്ടിൽ മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിച്ചു. യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അഞ്ജനയുടെ പിതാവ് ഹരിദാസ്, ഭർതൃപിതാവ് വിലങ്ങന്നൂർ ശാന്താലയം വിജയൻ എന്നിവരുമായി മന്ത്രി സംസാരിച്ചു. ഇതുവരെയുള്ള നടപടിക്രമങ്ങൾ തഹസിൽദാർ കെ.വി. സനൽകുമാർ മന്ത്രിയെ അറിയിച്ചു.
2023ലാണ് അഞ്ജനയും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശപ്രകാരം ബി.ജെ.പി. എറണാകുളം മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസും മണ്ഡലം പ്രസിഡന്റ് ജയൻ പൂശേരിയും അഞ്ജനയുടെ വീട്ടിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.






