കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാൾ നോർത്ത് 24 പർഗാനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ചെന്നൈ മംഗളൂരു എക്‌സ്പ്രസിലെ ജനറൽ കോച്ചിലായിരുന്നു കഞ്ചാവ് കടത്തിയത്. ആന്ധ്ര ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഞ്ചാവ് കടത്തിന്റെ ഉറവിടവും ഇതിന് പിന്നിലുള്ള സംഘത്തെയും കണ്ടെത്തുന്നതിനായി റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുൻപും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. 18 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെയാണ് അന്ന് പിടികൂടിയത്. ചെന്നൈ മംഗളൂരു എക്‌സ്പ്രസിൽനിന്നായിരുന്നു ഇവരെയും അറസ്റ്റ് ചെയ്തത്.
തുടർച്ചയായി ഇതേ ട്രെയിനിൽനിന്ന് കഞ്ചാവ് പിടികൂടുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു.






