തൃശ്ശൂർ: തൃശ്ശൂർ തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
കനോലി പുഴയിൽനിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറുന്നതിനിടെ പിന്നിലൂടെ എത്തിയ പ്രജിഷ് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുമാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ രക്തംവാർന്ന് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രജിഷിനെ പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ പിടികൂടി.
സംഭവത്തിൽ വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






