തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർപോളിന് കൈമാറിയതായാണ് വിവരം. ബ്രൂണെയിലെ മലയാളികളിൽനിന്ന് അനൗദ്യോഗികമായി വിവരങ്ങൾ ശേഖരിച്ച ക്രൈംബ്രാഞ്ച്, പുറത്തുവന്ന ചിത്രങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നതിനിടെയാണ് സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബ്രൂണെ–മലേഷ്യ അതിർത്തി പ്രദേശത്ത് മറ്റൊരു പേരിൽ സുകുമാരക്കുറുപ്പ് താമസിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ, ഇതുസംബന്ധിച്ച് ആധികാരികമായ വിവരങ്ങളൊന്നും നിലവിൽ കേരള പോലീസിന്റെ പക്കലില്ല. അതിനാൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ പോലീസ് തുടർനടപടികൾ ആരംഭിച്ചു.
വ്യാഴാഴ്ച തന്നെ പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും ക്രൈംബ്രാഞ്ച് സംഘവും വിവരശേഖരണം തുടങ്ങി. ഇന്റർപോളിന് അനൗദ്യോഗികമായി സന്ദേശം കൈമാറിയതായാണ് വിവരം. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഇന്റർപോളിന് ഔദ്യോഗികമായി കത്ത് നൽകും.
സുകുമാരക്കുറുപ്പിന്റേതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളും കേരള പോലീസിന്റെ സൈബർ വിഭാഗം വിശദമായി പരിശോധിച്ചുവരികയാണ്. ചിത്രത്തിലുള്ള വ്യക്തി യഥാർഥത്തിൽ സുകുമാരക്കുറുപ്പാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
അതേസമയം, സുകുമാരക്കുറുപ്പിന്റെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ലോങ് പെൻഡിങ് കേസാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനോട് ഇക്കാര്യം അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. കേരള പോലീസും ഇന്റർപോളും ചേർന്ന് നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പുറത്തുവന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.






