ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതിനിടെ ദുരന്തവുമായി ബന്ധപ്പെട്ട ആശങ്കകളും വർധിക്കുന്നു. പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകിയെത്തുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 290 ഇന്ത്യക്കാരുൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള വിവരം. കാണാതായവരിൽ കേരളത്തിൽനിന്നുള്ള 33 പേരും ഉൾപ്പെടുന്നു. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് പലരെയും കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തതിന് പ്രധാന കാരണമെന്നാണ് അധികൃതർ പറയുന്നത്.
നേപ്പാളിന് പുറമെ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. അതേസമയം, ടിബറ്റൻ മേഖലയിലെ മറ്റൊരു ഹിമതടാകം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന നേപ്പാളിന് കൂടുതൽ സഹായമെത്തിക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി കൂടുതൽ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലെത്തും. നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യയുടെ സഹായം ലഭ്യമാക്കും.
സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇന്ത്യൻ കരസേനയുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാളിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകുമെന്നാണ് വിവരം.






