ന്യൂഡൽഹി: മഹാത്മാഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി വിനായക് ദാമോദർ സവാർക്കറുടെ കൊച്ചുമരുമകൻ സത്യകി സാവർക്കർ. നാഥുറാം ഗോഡ്സെയും ഗോപാൽ ഗോഡ്സെയും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) സജീവ അംഗങ്ങളായിരുന്നുവെന്ന് സത്യകി സവാർക്കർ പൂനെ കോടതിയിൽ മൊഴി നൽകി. അതുപോലെ ഗാന്ധി വധക്കേസിൽ നാഥുറാം ഗോഡ്സെയാണ് ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ സത്യകി സവാർക്കർ തന്നെ നൽകിയ മാനനഷ്ടക്കേസിലെ ക്രോസ് വിസ്താരത്തിനിടെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. ഓഗസ്റ്റ് 17ന് പ്രത്യേക എംപി/ എംഎൽഎ കോടതിയിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് അമോൽ ശ്രീറാം ഷിൻഡെയുടെ മുമ്പാകെയായിരുന്നു വെളിപ്പെടുത്തൽ.
ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പ്രതികളിൽ നാഥുറാം ഗോഡ്സെ, ഗോപാൽ ഗോഡ്സെ, വിനായക് ദാമോദർ സവാർക്കർ എന്നിവർ ഉൾപ്പെട്ടിരുന്നുവെന്ന് സത്യകി സമ്മതിച്ചതായാണ് റിപ്പോർട്ട്. ഗോപാൽ ഗോഡ്സെ സത്യകിയുടെ മാതാവിന്റെ പിതാവായിരുന്നു.
അതേസമയം ഗാന്ധിവധക്കേസിൽ നാഥുറാം ഗോഡ്സെയും നാരായൺ ആപ്തെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഗോപാൽ ഗോഡ്സെയ്ക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം അദ്ദേഹം പൂനെയിൽ താമസിക്കുകയും പത്രങ്ങളിൽ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നും സത്യകി കോടതിയിൽ സമ്മതിച്ചു. 1948 ജനുവരി 30നാണ് മഹാത്മാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ നാഥുറാം ഗോഡ്സെയ്ക്ക് വധശിക്ഷ നടപ്പാക്കിയത് 1949 നവംബർ 15നായിരുന്നു. അതേസമയം, വിനായക് സവാർക്കർ കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നില്ല.
രാഹുൽ ഗാന്ധിയുടെ 2023ലെ പരാമർശങ്ങളെ ചോദ്യം ചെയ്താണ് സത്യകി സവാർക്കർ മാനനഷ്ടക്കേസ് നൽകിയത്. സവാർക്കർ ഒരു മുസ്ലിം വ്യക്തിയെ മർദിച്ചതിനെക്കുറിച്ച് ആനന്ദത്തോടെ എഴുതിയെന്ന തരത്തിൽ രാഹുൽ ഗാന്ധി പരാമർശിച്ചുവെന്നും അത് സവാർക്കറിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമാണ് സത്യകിയുടെ ആരോപണം. എന്നാൽ, കേസിലെ ക്രോസ് വിസ്താരത്തിനിടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് ഡി. പവാർ സവാർക്കറുടെ ബന്ധുക്കൾ, ഹിന്ദുമഹാസഭയുമായുള്ള ബന്ധങ്ങൾ, ഗാന്ധിവധക്കേസിലെ പ്രതികളുടെ പങ്ക് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. സത്യകിയുടെ അഭിഭാഷകൻ സംഗ്രാം കോതൽകർ ചില ചോദ്യങ്ങളെ എതിർത്തെങ്കിലും ഈ എതിർപ്പുകൾ അന്തിമ വിധിയുടെ ഘട്ടത്തിൽ പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. അടുത്ത വിസ്താരം സെപ്റ്റംബർ ഒന്നിന് നടക്കും.
അതേസമയം, ഓഗസ്റ്റ് 14ന് സവാർക്കർ മാനനഷ്ടക്കേസിൽ ഇടപെടാൻ ശ്രമിച്ച ഗവേഷകൻ പങ്കജ് കെ. ഫഡ്നിസിന്റെ ഹർജി ഇതേ കോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടി 20,000 രൂപ പിഴയും ചുമത്തിയിരുന്നു.






