ന്യൂഡൽഹി: ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റെ വികസന നയം ഗുജറാത്തിനെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്ന് വിമർശനവുമായി തമിഴ്‌നാട് മുൻ ബി.ജെ.പി. അധ്യക്ഷൻ അണ്ണാമലൈ. നിക്ഷേപങ്ങളും സാങ്കേതിക പദ്ധതികളും പ്രധാന പരിപാടികളും ഒരു സംസ്ഥാനത്ത് മാത്രമായി കേന്ദ്രീകരിക്കാൻ കഴിയില്ലെന്നും ‘വി ദ ലീഡേഴ്‌സ് സ്ഥാപകൻ കൂടിയായ അണ്ണാമലൈ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമാണ് ഗുജറാത്തെന്ന കാര്യം എടുത്തുപറയാനും അണ്ണാമലൈ മറന്നില്ല. ഇന്ത്യ ടുഡേ ചെന്നൈയിൽ നടത്തിയ പരിപാടിയിലാണ് അണ്ണാമലൈയുടെ തുറന്ന് പറച്ചിൽ. സംസ്ഥാന തലത്തിൽ ബി.ജെ.പിക്ക് തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലെന്നും എല്ലാം ഡൽഹി കേന്ദ്രീകൃതമായിട്ടാണ് കാര്യങ്ങൾ നടക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
‘ബി.ജെ.പിയുടെ തീരുമാനങ്ങൾ ഡൽഹി കേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഇത് വളരെ ദൗർഭാഗ്യകരമാണ്. അത് മാറേണ്ടതുണ്ട്. തീരുമാനങ്ങൾ എടുക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സംസ്ഥാന തലത്തിലുള്ള നേതാക്കൾക്ക് കൂടുതൽ അധികാരം നൽകണം’ അണ്ണാമലൈ പറഞ്ഞു. എഐ കമ്പനികളെയും ചിപ്പ് നിർമാതാക്കളെയും അങ്ങോട്ടേക്ക് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനപ്പെട്ട കായിക മത്സരങ്ങളും അഹമ്മദാബാദിലാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘2030 കോമൺവെൽത്ത് ഗെയിംസ് അവിടേക്ക് പോകുന്നു, 2030 പോലീസ് ഗെയിംസ് അങ്ങോട്ടേക്ക് പോകുന്നു, 2036 ഒളിമ്പിക് ഗെയിംസും അഹമ്മദാബാദിലേക്ക് പോകുന്നു. അഖിലേന്ത്യാ വികസനത്തിന്റെ ഈ ഗുജറാത്ത് മോഡൽ അംഗീകരിക്കാൻ കഴിയില്ല. ഒരു സംസ്ഥാനത്ത് മാത്രമായി അവസരങ്ങൾ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ വികസന മാതൃകയാകാൻ കഴിയില്ല. അത് മാറണം. ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.’- അണ്ണാമലൈ പറഞ്ഞു. നിക്ഷേപ പദ്ധതികളെല്ലാം ഗുജറാത്തിൽ മാത്രം കേന്ദ്രകരിക്കുന്നുവെന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽകൂടിയാണ് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷന്റെ വിമർശനം.






