നെടുങ്കണ്ടം: വെള്ളിയാഴ്ച രാത്രി മഴ ശക്തമായി പെയ്യുകയായിരുന്നു. എഴുകുംവയൽ-വലിയതോവാള റോഡിൽനിന്ന് അൽപ്പം മാറിയുള്ള നടപ്പുവഴിയിലൂടെ വേണം പാറത്തറയിൽ വീട്ടിലെത്താൻ. സമീപത്തായി രണ്ട് വീടുകൾ മാത്രം. ഒന്നിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നു. മറ്റൊന്ന് ടോമി എന്നയാളുടേത്.
ആൾപ്പാർപ്പിന്റെ തിരക്കുകളിൽനിന്ന് അകന്ന്, ഏലത്തോട്ടത്തിനിടയിൽ സ്ഥിതിചെയ്യുന്നവീട്ടിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വീടിനോടുചേർന്നുള്ള ഒന്നരയേക്കറോളം വരുന്ന ഏലത്തോട്ടം ആന്റണിയുടെ അധ്വാനത്തിന്റെ നേർസാക്ഷ്യമാണ്. നല്ലൊരു കർഷകനും കഠിനാധ്വാനിയുമായിരുന്ന ആന്റണി തന്റെ കുടുംബത്തിനായി പണിതുയർത്തിയ തോട്ടവും വീടും.
എന്നാൽ വെള്ളിയാഴ്ച രാത്രി ആ വീട്ടിൽ സംഭവിച്ചത് ആരും സങ്കൽപ്പിക്കാത്ത ദുരന്തമായിരുന്നു.
കൊലപാതകത്തിന് മുൻപ് അച്ഛനും അമ്മയുമായി അജീഷ് രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടിരുന്നിരിക്കാമെന്നാണ് കരുതുന്നത്. പിന്നീട് മകന്റെ ആക്രമണത്തിൽ വത്സമ്മയും ആന്റണിയും ജീവൻ രക്ഷിക്കാൻ നിലവിളിച്ചിട്ടുണ്ടാകാം. മഴയുടെ ശക്തമായ ശബ്ദത്തിനിടയിൽ സഹായത്തിനായുള്ള ആ നിലവിളികൾ ആരും കേൾക്കാതെ പോയിരിക്കാം.
അങ്ങനെ, പുറംലോകമറിയാതെ ഒരു വീടിനുള്ളിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു.
കൊലപാതകം നടന്നതിന് ഏകദേശം ഒന്നോ ഒന്നരയോ മണിക്കൂറിന് ശേഷമാണ് സംഭവം നാട്ടുകാർ അറിയുന്നത്. വാർത്ത പുറത്തറിഞ്ഞതോടെ തണുപ്പും മഴയും വകവയ്ക്കാതെ നിരവധിയാളുകൾ പാതിരാത്രിയിൽ ആ വീട്ടിലേക്കെത്തി. എന്നാൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ആന്റണിയുടെ മൃതദേഹം രണ്ടാമതൊന്ന് നോക്കാൻ പോലും പലർക്കും കഴിഞ്ഞില്ല.
ശനിയാഴ്ച രാവിലെ പൊലീസ് സംഘവും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും തലേദിവസത്തെ രാത്രിയിലെ ഭീകരതയുടെ അവശേഷിപ്പുകൾ ആ വീടിന്റെ ചുറ്റിലും നിറഞ്ഞുനിന്നു. രാവിലെ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ 11 മണിയോടെ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
മൃതശരീരം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു വത്സമ്മയുടെ സഹോദരങ്ങളുടെ ഹൃദയഭേദകമായ നിലവിളി ഉയർന്നത്.
‘നീ രണ്ടുപേരുടെയും രക്തം കുടിച്ചിച്ചോടാ അജീഷേ, എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്…’
ആ വാക്കുകൾ കേട്ടുനിന്നവർക്കും ആ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കാനാകുമായിരുന്നു.
ശാന്തിഗ്രാം കുന്നുംപുറത്ത് കുടുംബാംഗമായിരുന്നു വത്സമ്മ. നാല് സഹോദരിമാരും നാല് സഹോദരന്മാരുമുള്ള കുടുംബത്തിലെ അംഗം. സഹോദരിയുടെ മകൻ തന്നെ അരുംകൊല നടത്തിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കൂടപ്പിറപ്പുകൾക്ക് മണിക്കൂറുകൾ വേണ്ടിവന്നു.
അതേസമയം, അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ അജീഷിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്. നാട്ടിലും വീട്ടിലും പ്രശ്നക്കാരനായിരുന്നുവെന്ന് ചിലർ പറയുമ്പോൾ, മറ്റുചിലർ പറയുന്നത് ആരോടും അധികം സംസാരിക്കാത്ത ശാന്ത സ്വഭാവക്കാരനായിരുന്നു അജീഷ് എന്നാണ്.
എന്നാൽ ഒരു കാര്യത്തിൽ നാട്ടുകാർക്ക് ഏകാഭിപ്രായമുണ്ട്. അജീഷിന് ഏറെക്കാലമായി അമിതമായ മദ്യപാനശീലമുണ്ടായിരുന്നു.
അച്ഛനൊപ്പം ഏലത്തൈ നടാനും കൃഷിപ്പണികളിൽ സഹായിക്കാനും അജീഷിനെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാൽ സൊസൈറ്റിയിൽ പാൽ എത്തിക്കാൻ പിതാവിനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്നതും പതിവായിരുന്നുവെന്നും അവർ ഓർക്കുന്നു.
രണ്ടുമാസം മുമ്പ് അജീഷിനെ മദ്യപാനശീലം നിർത്തുന്നതിനായി ജില്ലയിലെ ഒരു ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഒരു മാസത്തെ ചികിത്സ പൂർത്തിയാക്കാതെ ഇയാൾ വീട്ടിലേക്ക് മടങ്ങിയെത്തി.
ചികിത്സ പൂർത്തിയാക്കാതെ മടങ്ങിയെത്തിയതിനെ തുടർന്ന് മാതാപിതാക്കളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, അതിന്റെ പേരിൽ അജീഷിന് അവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും ചില നാട്ടുകാർ പറയുന്നു.
ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കളുടെ അക്കൗണ്ടിൽ ലഭിച്ചിരുന്ന പണം അജീഷ് ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറയുന്നു. പണം നൽകാതിരുന്നതിനെ തുടർന്ന് ഇയാൾക്ക് മാതാപിതാക്കളോട് വിരോധമുണ്ടായിരുന്നുവെന്നും ചിലർ ആരോപിക്കുന്നു.
എന്നാൽ യഥാർഥത്തിൽ ആ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് ഇനി അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.
മാതാപിതാക്കൾക്കൊപ്പം കൃഷിയിടത്തിൽ അധ്വാനിച്ച മകൻ, പിതാവിനെ സ്കൂട്ടറിൽ കയറ്റി പാൽ സൊസൈറ്റിയിൽ എത്തിച്ചിരുന്ന മകൻ, ഒടുവിൽ അതേ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ പ്രതിയായി മാറിയെന്ന യാഥാർഥ്യമാണ് എഴുകുംവയലിലെ ആ വീടിന് മുന്നിൽ ഇപ്പോൾ ബാക്കിയാകുന്നത്.






