ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ. കൊളച്ചേരി സ്വദേശി നിസാർ (35), ചാണ്ടി ഷമീം എന്ന ഷമീം (45) എന്നിവരെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസിന്റെ ഡാൻസാഫ് സംഘവും ഇരിട്ടി ഇൻസ്‌പെക്ടർ സിജിത്ത് വിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഓഗസ്റ്റ് ഏഴിന് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാർ പൊലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും ഇരിട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് വാഹനത്തിനായി തിരച്ചിൽ നടത്തുകയും ചെയ്തു.
വള്ളിത്തോട് കുന്നോത്ത് പറമ്പിലെ ഒഴിഞ്ഞ സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്. വാഹനം നിർത്താതെ പോയതിന്റെ കാരണം അന്വേഷിച്ചപ്പോൾ വർക്ക് ഷോപ്പിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പ്രാഥമിക പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്താനായില്ല. എന്നാൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചതോടെ പൊലീസ് കൂടുതൽ വിശദമായ പരിശോധന നടത്തുകയായിരുന്നു.
നിസാറിനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 13 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റം, തീവെപ്പ് തുടങ്ങിയ ഗുരുതര കേസുകളിലും ഇയാൾ പ്രതിയാണ്. പഴയങ്ങാടി, കണ്ണൂർ ടൗൺ, നാദാപുരം പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
ഷമീമിനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ കത്തിച്ച കേസ്, വധശ്രമം, നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തിയ കേസ്, കയ്യേറ്റം തുടങ്ങിയ 16ഓളം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതോടെ വാഹനത്തിൽ വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത് കണ്ടെത്തിയത്. കാറിന്റെ ചേസിസിനടിയിൽ മൾട്ടി ലെയർ പ്ലാസ്റ്റിക് കവറുകളിൽ പായ്ക്ക് ചെയ്ത എംഡിഎംഎ പ്രത്യേക ബോക്സിനുള്ളിലായിരുന്നു. ശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ച് ബോക്സ് വാഹനത്തിന്റെ ഇരുമ്പ് ഭാഗങ്ങളിൽ ഉറപ്പിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കാർ കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് കടത്തിന് പിന്നിലുള്ള ശൃംഖലയെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും അന്വേഷണം ശക്തമാക്കിയതായി ഇരിട്ടി പൊലീസ് അറിയിച്ചു.






