ചണ്ഡീഗഢ്: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്കുനേരെ വെടിയുതിർത്ത 67 വയസ്സുകാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ സെക്ടർ 42 ലാണ് സംഭവം. രാജിന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗറിനുനേരെ വാടകക്കാരനായ ജെ.പി.എസ്. ചഢയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചത്. വെടിയുണ്ടയുടെ ചീളുകൾ മുഖത്തു തറച്ച മൻവീന്ദറിനെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വകഴിഞ്ഞ 36 വർഷമായി ചഢ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്.
ഫ്ലാറ്റിന്റെ ഉടമയുമായി ഏറെക്കാലമായി തർക്കമുണ്ടായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്കായി കോടതി ബെയ്‌ലിഫിനും പൊലീസിനുമൊപ്പം മൻവീന്ദർ കൗറും സ്ഥലത്തെത്തി. എന്നാൽ ചഢ വാതിൽ തുറക്കാൻ തയാറായില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂട്ട് പൊളിച്ച് ഫ്ലാറ്റിന്റെ കൈവശാവകാശം ഉടമയ്ക്കു കൈമാറാൻ അധികൃതർക്ക് അനുമതിയുണ്ടായിരുന്നു.
തുടർന്ന് പൊലീസ് പൂട്ട് പൊളിച്ചു. ഇതിനിടെ തോക്കുമായി ബാൽക്കണിയിലേക്കെത്തിയ ചഢ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടയുടെ ചീളുകൾ മൻവീന്ദറിന്റെ മുഖത്തു തറച്ചു. വീണ്ടും തോക്കിൽ വെടിയുണ്ട നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ചഢയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. അതേസമയം, ഫ്ലാറ്റിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ കോടതി ഉത്തരവില്ലെന്നും ചിലർ ബലമായി വീട്ടിൽ കയറാൻ ശ്രമിക്കുകയായിരുന്നെന്നും ചഢയുടെ മകൻ ആരോപിച്ചു. 36 വർഷമായി താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് ഒഴിപ്പിക്കുന്നതിനെതിരെ സ്റ്റേ ഉത്തരവുണ്ടെന്നും ഓഗസ്റ്റ് മൂന്നിന് കേസിൽ അടുത്ത വാദം കേൾക്കാനിരിക്കുകയാണെന്നും കുടുംബം അവകാശപ്പെട്ടു. എന്നാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
















































