മനാമ: സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്ന് നടന്ന ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തറും ബഹ്റൈനും. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ നടപടിയാണ് ആക്രമണമെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ പ്രത്യേക പ്രസ്താവനകളിൽ വ്യക്തമാക്കി.
മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ തകർക്കുന്നതാണ് ഇത്തരം ആക്രമണങ്ങളെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ ലംഘനമാണെന്നും മന്ത്രാലയം ആരോപിച്ചു. സ്വന്തം പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനും ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ അവകാശത്തിന് ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ തുറന്ന വെല്ലുവിളിയാണ് ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നല്ല അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളുടെയും ലംഘനമാണ് ഇത്തരം നടപടികളെന്നും ഖത്തർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഖത്തർ അറിയിച്ചു.
ഇതിനിടെ, ഇറാഖിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്തിനുള്ളിലെ എല്ലാ ആയുധങ്ങളും ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഇറാഖ് സർക്കാരിന്റെ തീരുമാനം വൈകാതെ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇറാഖിന്റെ മണ്ണ് ഉപയോഗിച്ച് അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ സായുധ ഗ്രൂപ്പുകളെ അനുവദിക്കരുതെന്നും, ഇത്തരത്തിലുള്ള നീക്കങ്ങൾ തടയാൻ ബാഗ്ദാദ് സർക്കാർ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നും ജി.സി.സി. രാജ്യങ്ങൾ ആവശ്യപ്പെട്ടു.

















































