സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ ചെലവ് കൂട്ടരുതെന്നും വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം. അതുപോലെ പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സർക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മുൻവർഷത്തെക്കാൾ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു.
അതേസമയം നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ റവന്യൂ വരുമാനം 33311.21 കോടിയായിരുന്നു. എന്നാൽ മുൻ വർഷത്തെക്കാൾ കൂടിയെങ്കിലും ചെലവും കടമെടുപ്പും അതിനൊപ്പം കൂടി. ഭരണം മാറിയെങ്കിലും ഖജനാവിൽ പണം നിറഞ്ഞു തുടങ്ങിയില്ല. അതുപോലെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് യാഥാർഥ്യ ബോധത്തോടെ തയ്യാറാക്കണമെന്നും പറയുന്നു. ചെലവ് കൃത്യമായി കണക്കാക്കണമെന്നും മുൻ വർഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസത്തിന് കാരണം വ്യക്തമാക്കണമെന്നും സർക്കുലറിൽ പറയുന്നു.
നികുതി- നികുതിയേതര കുടിശ്ശിക, അതിനുള്ള കാരണം, പിരിച്ചെടുക്കാൻ എടുത്ത നടപടികൾ എന്നിവ കൃത്യമായി അറിയിക്കണം. ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവ് മുൻ വർഷത്തിൽ നിന്ന് കൂടരുത്. പദ്ധതികളെ വകുപ്പ് മേധാവികൾ വിമർശനാത്മകമായി വിലയിരുത്തണം. താൽക്കാലിക ജീവനക്കാരെ നിലനിർത്തണോയെന്ന് വകുുപ്പുകൾ പരിശോധിക്കണമെന്നും പറയുന്നു.
ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം , മുൻ വർഷത്തെക്കാൾ വ്യത്യാസം വന്നതിൻറെ കാരണം, യുജിസി ഉൾപ്പടെ സ്കെയിൽ വാങ്ങുന്ന ജീവനക്കാരുടെ പട്ടിക എന്നിവയും ധനവകുപ്പ് ചോദിച്ചിട്ടുണ്ട് . സെപ്തംബർ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് നൽകാനാണ് വകുപ്പുകൾക്ക് നിർദേശം നൽകി. അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താൻ ധവള പത്രവും പുറത്തിറക്കി. അതേസമയം പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ നാല് തവണയായി പതിനായിരത്തോളം കോടി രൂപ വായ്പയെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു.

















































