കൊൽക്കത്ത: ഇന്ത്യൻ ആരാധകരുടെ ആവേശത്തിന് മറുപടിയായി ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയിൽ മത്സരം സംഘടിപ്പിക്കാനാണ് നീക്കമെന്ന് ‘ഇഎസ്‌പിഎൻ ബ്രസീൽ’ റിപ്പോർട്ട് ചെയ്തു.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും കരാറിലെ ചില സാങ്കേതിക നടപടികൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബ്രസീലിന്റെ എതിരാളി ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ഖത്തർ ലോകകപ്പിനിടെ കേരളവും കൊൽക്കത്തയും ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ബ്രസീൽ ആരാധകർ നടത്തിയ ആഘോഷങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പച്ച-മഞ്ഞ നിറങ്ങളിലുള്ള ഭീമൻ കട്ടൗട്ടുകളും ബ്രസീൽ ജഴ്‌സിയണിഞ്ഞ് തെരുവുകളിലിറങ്ങിയ ആയിരക്കണക്കിന് ആരാധകരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ജനപ്രീതിയാണ് ഇന്ത്യയിൽ മത്സരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പ്രചോദനമായതെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ഫിഫയുടെ അന്താരാഷ്ട്ര മത്സര വിൻഡോയിൽ ബ്രസീൽ ഏഷ്യൻ പര്യടനം നടത്തുന്നുണ്ട്. ഈ പര്യടനത്തിൽ സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലെയിലും സെപ്റ്റംബർ 29ന് ബ്രിസ്ബേനിലും ഓസ്ട്രേലിയക്കെതിരെ സൗഹൃദ മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം ഒക്ടോബർ ആദ്യവാരത്തിൽ കൊൽക്കത്തയിൽ മൂന്നാമത്തെ മത്സരം കളിക്കാനാണ് പദ്ധതി.
ബംഗ്ലാദേശിലും സിംഗപ്പൂരിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ ബ്രസീൽ പരിശോധിച്ചിരുന്നെങ്കിലും കളിക്കാരുടെ യാത്രാഭാരം കുറയ്ക്കുന്നതിനായി ഏഷ്യൻ പര്യടനം മൂന്ന് മത്സരങ്ങളിലൊതുക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


















































