ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധത്തിനിടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ 19-കാരനായ സാഹിലിനെ ഒപ്പമിരുത്തിയാണ് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ദേശീയ പതാകയേന്തി പ്രതിഷേധത്തിൽ പങ്കെടുത്ത സാഹിലിന്റെ കണ്ണിൽ പെല്ലറ്റ് തറച്ചതായും കാഴ്ച തിരിച്ചുകിട്ടുമോയെന്ന കാര്യത്തിൽ ഡോക്ടർമാർക്കും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് പെല്ലറ്റ് ഗൺ പ്രയോഗത്തിലാണ് പരിക്കേറ്റതെന്ന് സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സംഭവത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹംആവർത്തിച്ചു. വിദ്യാഭ്യാസ സംവിധാനം തകർന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്കാണെന്നും അദ്ദേഹം പദവി ഒഴിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയത് ക്രൂരതയാമെന്ന് രാഹുലിൽ ആരോപിച്ചു. ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത് കേന്ദ്രസർക്കാരിന്റെ നിലപാടുകളാണെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർഥികൾ മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഇതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാനും മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ധാരണയായതായി ബന്ധപ്പെട്ട നേതാക്കൾ അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉച്ചയോടെ അറിയിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അതേസമയം; പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് പ്രയോഗിച്ചെന്ന ആരോപണം ഡൽഹി പോലീസ് നിഷേധിച്ചു. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്‍റെ ശരീരത്തില്‍ പെല്ലറ്റ് അവശിഷ്ടങ്ങൾ തറച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പക്കൽ പെല്ലറ്റ് തോക്കുകൾ ഇല്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പോലീസിന്‍റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഡൽഹി പോലീസിന് പുറമെ കേന്ദ്ര ക്രമസമാധാന സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്തുണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഉത്തരവിട്ടവർക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയെന്ന ഹർജികളിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.


















































