ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) ബുധനാഴ്ച മുതൽ വിബി-ജി റാം ജി (VBG Ram G) പദ്ധതി എന്ന പേരിൽ നടപ്പിലാകുന്നു. പദ്ധതിയിൽ നിരവധി സുപ്രധാന മാറ്റങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. തൊഴിലാളികൾക്ക് ലഭിക്കുന്ന തൊഴിൽദിനങ്ങൾ വർധിപ്പിച്ചതും തൊഴിൽ ആവശ്യപ്പെടുന്ന രീതി ഡിജിറ്റലാക്കിയതുമാണ് പ്രധാന പരിഷ്കാരങ്ങൾ.
പുതിയ സംവിധാനപ്രകാരം ഒരു കുടുംബത്തിന് വർഷത്തിൽ ലഭിക്കുന്ന തൊഴിൽദിനങ്ങൾ 100ൽ നിന്ന് 125 ദിവസമായി ഉയർത്തി. തൊഴിലാളികൾക്ക് ഇനി കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് ജോലി ആവശ്യപ്പെടാൻ കഴിയും. ജോലി അനുവദിക്കുന്നതും ഹാജർ, വേതന വിതരണം എന്നിവയും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരിക്കും.
തൊഴിലാളികളുടെ ജോബ് കാർഡിന് ഇനി മൂന്ന് വർഷത്തെ കാലാവധിയായിരിക്കും. കാലാവധി അവസാനിച്ചാൽ പുതുക്കേണ്ടതുണ്ടാകും. വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനും പദ്ധതിയുടെ സുതാര്യത വർധിപ്പിക്കുന്നതിനുമാണ് ഈ മാറ്റമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന, ഡിജിറ്റൽ രേഖകൾ, ഓൺലൈൻ അപേക്ഷാ സംവിധാനം എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലൂടെ തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതും വേതനം വിതരണം ചെയ്യുന്നതും കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, പദ്ധതിയുടെ പേര് മാറ്റിയതും പുതിയ വ്യവസ്ഥകളും രാഷ്ട്രീയതലത്തിൽ ചർച്ചയായിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഗ്രാമീണ തൊഴിലാളികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കണമെന്നും വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.
പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ജോലികൾ കഠിനാധ്വാനം ആവശ്യപ്പെടുന്നതാണെന്നും “എല്ലാവർക്കും പറ്റുന്ന പണിയല്ല” എന്ന ആശങ്ക തൊഴിലുറപ്പ് തൊഴിലാളികൾ പങ്കുവയ്ക്കുന്നുണ്ട്. പ്രായമായവർക്കും സ്ത്രീകൾക്കും ഇത്തരം ജോലികൾ നിർവഹിക്കാൻ പ്രയാസമാകുമെന്ന വിലയിരുത്തലും ഉയരുന്നു.















































