ഗാസിയാബാദ്: മകളോട് അപമര്യാദയായി പെരുമാറിയ ലൈവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീയും സഹോദരിയും പിടിയിലായി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ട്രോണിക്ക സിറ്റി പ്രദേശത്താണ് സംഭവം നടന്നത്.
കിരൺ എന്ന സ്ത്രീയും സഹോദരി കാശിഷും ചേർന്ന് ജൂൺ 23-ന് കിരണിന്റെ ലൈവ്-ഇൻ പങ്കാളിയായ സാകിറിനെ അവരുടെ വാടകവീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആദ്യം കിരൺ വടികൊണ്ട് സാകിറിന്റെ തലയിൽ അടിച്ച് അവനെ ബോധരഹിതനാക്കി. തുടർന്ന് ഇരുവരും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
തുടർന്നു ഇരുവരും കൊലപാതകം മറച്ചുവെക്കുന്നതിനും ആത്മഹത്യയാണെന്നു വരുത്തി തീർക്കാനും ഇരുവരും ശ്രമിച്ചു. ഇതിനായി തുണി ഫാനിൽ കെട്ടി, ഫാനിന്റെ ബ്ലേഡുകൾ വളച്ചുവെച്ച് അത് ആത്മഹത്യയായി തോന്നിക്കുന്ന തരത്തിൽ രംഗം സജ്ജമാക്കി. തുടർന്ന് കിരൺ അലറിപ്പറഞ്ഞ് സാകിർ ആത്മഹത്യ ചെയ്തതായി നാട്ടുകാരെയും പോലീസിനെയും അറിയിച്ചു.
സാകിറിന്റെ ഫോൺ ഉപയോഗിച്ച് സഹോദരനായ സമീർ ഖാൻ അലിയാസ് നസീറിനെയും വിളിച്ച് ഇതേ വിവരമാണ് കിരൺ അറിയിച്ചത്. തുടർന്ന് സാകിറിനെ ടെംപോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുടുംബാംഗങ്ങൾക്കും ആത്മഹത്യയാണെന്നായിരുന്നു വിവരം നൽകിയിരുന്നത്. എന്നാൽ അന്വേഷണം ശക്തമാക്കിയ പോലീസ് സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കണ്ടെത്തി. ജൂൺ 23-ാം തീയതി രാവിലെ തന്നെ ഇരുവരും കൊലപാതകം നടത്താൻ തീരുമാനിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
കിരണും സാകിറും നാല് മുതൽ അഞ്ച് വർഷമായി പരിചയത്തിലായിരുന്നു, തുടർന്ന് ലൈവ്-ഇൻ ബന്ധത്തിലേക്ക് മാറുകയും ചെയ്തു. ഗൗതമ്ബുദ്ധ നഗറിൽ വാടകവീടുകളിൽ താമസിക്കുമ്പോഴാണ് പരിചയം തുടങ്ങിയത്. പിന്നീട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയ ഇവർ കിരണിന്റെ മൂന്ന് മക്കളോടൊപ്പം ഒരേ വീട്ടിലായിരുന്നു കഴിയുന്നത്.
ചോദ്യം ചെയ്യലിനിടെ, കിരണിന്റെ 13 വയസുള്ള മകളോട് സാകിറിന് അപമര്യാദയായി പെരുമാറിയെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
സംഭവദിവസം സാകിറിന്റെ ഫോൺ ഉപയോഗിച്ച് പ്രതികൾ ഒരു കാബ് ബുക്ക് ചെയ്തിരുന്നു. കാബ് എത്തിയപ്പോൾ കുട്ടികളെ വാഹനത്തിൽ ഇരുത്തി പുറത്തേക്ക് അയച്ചു. സാകിർ വീട്ടിൽ ഒറ്റയ്ക്ക് ആയപ്പോൾ കിരൺ വടികൊണ്ട് ആക്രമിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തു. കൊലശേഷം ആയുധം വീട്ടിന്റെ മേൽക്കൂരയിലെ വെള്ളടാങ്കിന് പിന്നിൽ ഒളിപ്പിച്ചുവെച്ചും രംഗം ആത്മഹത്യയായി സജ്ജമാക്കുകയും ചെയ്തു. പിന്നീട് സംശയം മാറാൻ കിരൺ നിലവിളിച്ച് സംഭവം പുറത്തറിയിക്കുകയായിരുന്നു.പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തിരിഞ്ഞത്. അന്വേഷണത്തിനിടെ പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവർക്കെതിരെ തുടർ നിയമനടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.


















































