വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഡിസംബറിൽ അമേരിക്ക സന്ദർശിക്കുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു. ഡിസംബർ 14, 15 തീയതികളിൽ ഫ്ലോറിഡയിലെ മിയാമിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദിയുടെ സന്ദർശനം.
ഇന്ത്യൻ സന്ദർശനത്തിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് പ്രധാനമന്ത്രിയെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചതെന്ന് സെർജിയോ ഗോർ വ്യക്തമാക്കി. അടുത്ത വർഷം ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതകളുണ്ടെന്നും സ്ഥാനപതി സൂചിപ്പിച്ചു. പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം ലോകം അസൂയയോടെയാണ് നോക്കിക്കാണുന്നതെന്നും സെർജിയോ ഗോർ പറഞ്ഞു.
ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാർ ഉടൻ അന്തിമരൂപത്തിലെത്തുമെന്ന പ്രതീക്ഷയും യുഎസ് സ്ഥാനപതി പങ്കുവച്ചു. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ക്വാഡ് ഉച്ചകോടി ഫിലിപ്പീൻസിൽ നടക്കാനിരിക്കുകയാണെന്നും, മേഖലയുടെ സുരക്ഷയും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ ആ യോഗം നിർണായകമാകുമെന്നും സെർജിയോ ഗോർ കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപും മോദിയും തമ്മിലുള്ള ബന്ധത്തിൽ ഇടയ്ക്ക് ചില പ്രശ്നങ്ങളുണ്ടായെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി അത് കൂടുതൽ ദൃഢമായതായി യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ഉപദേഷ്ടാവ് അൽ മേസൺ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും ട്രംപ് തൃപ്തനാണെന്നും, ഇന്ത്യയുമായുള്ള വ്യാപാരവും തന്ത്രപരമായ സഹകരണവും കൂടുതൽ വിപുലപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും അൽ മേസൺ വ്യക്തമാക്കി.

















































