കാസര്‍കോട്: പതിനഞ്ചില്‍പ്പരം പോക്‌സോ കേസുകളില്‍ പ്രതിയായ മലപ്പുറം ആദവനാട് ഉസ്താദിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 13 കാരനെ ദിവസങ്ങളോളം വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന പരാതിയിലാണ് എംകെ മുഹമ്മദ് ഉസ്താദിനെതിരെ കേസെടുത്തത്. ഇതോടെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ മുഹമ്മദിനെതിരെയുള്ള കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മതപഠന കേന്ദ്രത്തിലെ രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ ഉസ്താദിനെ ഏതാനും ദിവസം മുമ്പാണ് ബീഹാറിലെ ഒളിവുകേന്ദ്രത്തില്‍ മലപ്പുറം ,വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതിക്കെതിരെ വളാഞ്ചേരിയില്‍ 14ല്‍പ്പരം പോക്‌സോ കേസുകളുണ്ട്. പ്രസ്തുത കേസുകളിലാണ് അറസ്റ്റ് ചെയ്തത്. ബേക്കലില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ ഉസ്താദിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നു കാണിച്ച് 13കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
















































