തിരുവനന്തപുരം: ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതിൽ ക്രമക്കേട്. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തൽ. സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ തചീഫ് തസ്തികകളിലേക്കുള്ള ഫലത്തിലാണ് ക്രമക്കേട് നടന്നത്.
ഇതിൽ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. ഇടതുസർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകനാണ് അരുൺ ജെ പ്രതാപെന്നും കണ്ടെത്തിയിട്ടുണ്ട്. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചത്. ഓൺ സ്‌ക്രീൻ മാർക്കിംഗിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയിൽ 228 പേരുടേയും ഉത്തരക്കടലാസുകളിൽ ഈ ചോദ്യങ്ങൾ നോക്കിയിട്ടില്ലെന്ന് കണ്ടെത്തി.
അതേസമയം 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 228 പേർ പരീക്ഷയെഴുതിയിരുന്നു. 2025 മേയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ആഭ്യന്തര അന്വേഷണത്തിനൊരുങ്ങുകയാണ് പിഎസ്‌സി. ഇന്ന് ചേരുന്ന പിഎസ്‌സി യോഗം പരാതി പരിശോധിക്കും. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടേക്കും. ഡിവൈഎസ്പി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലെ പിഎസ്‌സി നിയമങ്ങളിലെ ക്രമക്കേടിന് പിന്നാലെയാണ് പുതിയ വിവാദമെത്തിയത്.
















































