മുംബൈ: പ്രതിശ്രുത വധുവും കാമുകനും ചേർന്ന് യുവാവിനെ കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. യുവ വ്യവസായി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊന്നത്. ഇരുവരും പുണെയ്ക്ക് സമീപമുള്ള കോട്ടയിലേക്കു പോകുന്നതിനു മുൻപ് സിയ അസ്വാഭാവികമായ രീതിയിൽ പെരുമാറിയിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.സിയ നിസാര കാര്യങ്ങൾക്ക് വഴക്കുണ്ടാക്കുന്നുവെന്നും ബഹളം വയ്ക്കുന്നുവെന്നും കേതൻ പറഞ്ഞിരുന്നതായി പിതാവ് വിശാൽ അഗർവാൾ ആരോപിച്ചു. ജൂൺ 4ന് ലോഹഗഡ് കോട്ടയിൽ പോകണമെന്ന് സിയ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് അമ്മ വിസമ്മതിച്ചതിനാൽ കേതന് പോകാൻ കഴിഞ്ഞിരുന്നില്ല.
ഇതേച്ചൊല്ലിയായിരുന്നു തർക്കം. പിന്നീട് ജൂൺ 17ന് രാത്രി സിയ കേതനെ വാട്സാപ്പിൽ വിളിക്കുകയും രണ്ടുദിവസം കഴിഞ്ഞാൽ തന്റെ ജന്മദിനമാണെന്നും കോട്ടയിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. അമ്മ സമ്മതിക്കില്ലെന്ന് കേതൻ പറഞ്ഞെങ്കിലും സിയ കേതന്റെ അമ്മ രാഖി അഗർവാളിനെ നേരിട്ട് ഫോണിൽ വിളിച്ച് സമ്മതം വാങ്ങുകയായിരുന്നു.
തുടർന്ന് ജൂൺ 18ന് രാവിലെ പുണെ–മുംബൈ ദേശീയപാതയിലെ കിവാലെ പാലത്തിൽനിന്ന് സിയയെയും കൂട്ടി കേതൻ ലോഹഗഡ് കോട്ടയിലേക്ക് പുറപ്പെട്ടു. എന്നാൽ രാവിലെ 10.45 ഓടെ സിയ കേതന്റെ അമ്മയെ വിളിച്ച് കേതൻ അബദ്ധത്തിൽ കൊക്കയിൽ വീണതായി അറിയിക്കുകയായിരുന്നു.
ജൂൺ 21ന് കേതന്റെ പിതാവും ബന്ധുക്കളും അപകടസ്ഥലം സന്ദർശിക്കുകയും സിയ പറഞ്ഞതിൽ അസ്വാഭാവികത തോന്നുകയും ചെയ്തതിനു പിന്നാലെ പൊലീസിനെ സമീപിച്ചു. സിയയുടെ ഫോൺ നിരന്തരം ബിസി ആയിരുന്നതും ‘സുഹൃത്ത്’ ചേതനെക്കുറിച്ച് ഇടയ്ക്കിടെ പറയുകയും ചെയ്തതോടെയാണ് ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടു.
















































