കൊച്ചി: മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് കർശന നിർദേശം. നാട്ടുകാരെ വഴിയിൽ തടഞ്ഞുനിർത്തുന്നതും റോഡുകൾ അനാവശ്യമായി അടച്ചിടുന്നതും അവസാനിപ്പിക്കണമെന്നാണ് പൊലീസ് ഉന്നതരുടെ നിർദേശം.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് പലതവണ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചിലയിടങ്ങളിൽ പഴയ രീതിയിലുള്ള കർശന ഗതാഗത നിയന്ത്രണങ്ങൾ തുടരുന്നതായി കണ്ടെത്തിയതോടെയാണ് ഉന്നതതല ഇടപെടൽ. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങൾക്ക് പരമാവധി സൗകര്യം ഉറപ്പാക്കണമെന്നാണ് നിർദേശം.
അടുത്തിടെ തിരുവനന്തപുരം ക്ലിഫ് ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി യാത്ര ചെയ്തപ്പോൾ ചിലയിടങ്ങളിൽ അനാവശ്യമായി റൂട്ട് ബന്ദവസ് ഏർപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ വയർലെസ് സന്ദേശത്തിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉടൻ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചു. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ മാത്രം മതിയെന്നുമാണ് കമ്മിഷണർ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി ചുമതലയേറ്റതിന് പിന്നാലെ തന്റെ വാഹനവ്യൂഹത്തിൽ എസ്കോർട്ടും പൈലറ്റ് വാഹനവും മാത്രം മതിയെന്നും അനാവശ്യ സുരക്ഷാ സന്നാഹങ്ങൾ ഒഴിവാക്കണമെന്നും ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥർ ഇപ്പോഴും പഴയ രീതിയിൽ റോഡുകൾ അടച്ചിടുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
ഇത്തരം നടപടികൾ സർക്കാരിന്റെ ജനകീയ പ്രതിച്ഛായയെ പോലും ബാധിക്കാമെന്ന വിലയിരുത്തലാണ് ഉള്ളത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ മാത്രം നടപ്പാക്കണമെന്ന് പൊലീസ് ഉന്നതർ വീണ്ടും കർശന നിർദേശം നൽകിയത്.
















































