മലപ്പുറം: പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 20ഓളം പോക്സോ കേസുകളിൽ പ്രതിയായ മദ്റസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് കുറുമ്പത്തൂർ സ്വദേശി എം.കെ. മുഹമ്മദിനെയാണ് (39) ബിഹാറിൽ നിന്ന് വളാഞ്ചേരി പൊലീസ് പിടികൂടിയത്.
പോലീസ് കേസെടുത്തതിനെ തുടർന്ന് രാജസ്ഥാനിലെ അജ്മീറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി, പൊലീസ് എത്തിയെന്ന വിവരം ലഭിച്ചതോടെ ബിഹാറിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്ന് വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു ശ്രമമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ മസാജ് ചെയ്യാൻ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. ഭയംമൂലം പല കുട്ടികളും സംഭവങ്ങൾ പുറത്തുപറയാതിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
പ്രതിക്കെതിരെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 14 പോക്സോ കേസുകളും താനൂർ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ വളാഞ്ചേരിയിലേക്ക് കൊണ്ടുവരികയാണ്. കേസുകളിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

















































